പാറ്റ്‌ന: ആറ് ഉത്തരഭാരത സംസ്ഥാനങ്ങളില്‍ മഴയും വെളളപ്പൊക്കവും കനത്ത നാശം വിതച്ചു. 50 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.26000 പേരെ മാറ്റി പാര്‍പ്പിച്ചു.
വെളളപ്പൊക്കബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ചര്‍ച്ച നടത്തി. എല്ലാ സഹായങ്ങളും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍,ഉത്തര്‍പ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
വാരാണസിയിലും അലഹബാദിലുമുളള സ്‌കൂളുകള്‍ക്ക് വെളളപ്പൊക്കത്തെ തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് കൂടി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 25 ജില്ലകളിലാണ് വെളളപ്പൊക്കം ദുരിതം വിതച്ചിരിക്കുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലും ബുന്ദേല്‍ഖണ്ഡിലും തെറായിലുമായി 43 പേര്‍ ഇതിനകം മരിച്ചിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കും.എട്ട്‌ലക്ഷത്തോളം പേരെ വെളളപ്പൊക്കം ബാധിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ നാല് ജില്ലകളിലാണ് വെളളപ്പൊക്കം നാശം വിതച്ചിട്ടുളളത്. ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
ഗംഗയടക്കമുളള അഞ്ച് നദികളിലെ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നതിനെ തുടര്‍ന്ന് പാറ്റ്‌ന, വൈശാലി, ബക്‌സര്‍, ഭോജ്പൂര്‍, ബെഗാസൂരി, സമസ്തിപൂര്‍, ലഖിസരായ്, ഖഗാരിയ, മന്‍ഗര്‍, ഭഗല്‍പൂര്‍, കത്തിഹാര്‍ തുടങ്ങിയ ജില്ലകളില്‍ സ്ഥിതി അതീവ അപകടകരമായി തുടരുകയാണ്.
















