ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളളയുടെ ഭാര്യ പായലിനെ അധികൃതര്‍ ഏഴ് അക്ബര്‍ റോഡിലെ വസതിയില്‍ നിന്നൊഴിപ്പിച്ചു. ഒമറുമായി അകന്ന് കഴിയുകയാണ് പായല്‍.
ദല്‍ഹി ഹൈക്കോടതി വിധി വന്ന് നിമിഷങ്ങള്‍ക്കകം ഉദ്യോഗസ്ഥരെത്തി വീടൊഴിപ്പിച്ചതിന് പിന്നില്‍ ഒമര്‍ അബ്ദുളളയാണെന്നും പായല്‍ ആരോപിക്കുന്നു. കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പായ ശേഷമായിരുന്നു നടപടിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഒമര്‍ ആരോപണങ്ങള്‍ തളളി. പിരിഞ്ഞ് കഴിയാന്‍ തുടങ്ങിയ ശേഷം മൂന്ന് വര്‍ഷം കൂടി താന്‍ മുഖ്യമന്ത്രി പദത്തിലിരുന്നു. അന്നൊന്നും ഇവരെ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുകയോ ഇവര്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനങ്ങള്‍ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
പതിനേഴ് വര്‍ഷമായി ജമ്മുകശ്മീരിന്റെ കൈവശമുളള ബംഗ്ലാവിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. 2011ല്‍ പിരിഞ്ഞ ശേഷം ഒമര്‍ താമസം മാറ്റി. പായലും രണ്ട് ആണ്‍മക്കളും ഇവിടെ തുടരുകയായിരുന്നു.
അവരോട് മാന്യമായി വീടൊഴിയണമെന്ന് താന്‍ നിര്‍ദേശിച്ചിരുന്നതായി ഒമര്‍ പറയുന്നു. തന്റെ പിതാവ് ഫാറൂഖ് അബ്ദുളള അധികാരമൊഴിഞ്ഞ ശേഷം സ്വകാര്യ വീട്ടിലേക്ക് താമസം മാറിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരമൊഴിഞ്ഞ ശേഷം സര്‍ക്കാര്‍ വസതിയില്‍ തുടരാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീര്‍ സര്‍ക്കാരും ദല്‍ഹി പോലീസും കാട്ടിയ സംസ്‌കാര ശൂന്യമായ ഒഴിപ്പിക്കലിനെ പായലും അവരുടെ പിതാവ് മേജര്‍ ജനറല്‍(റിട്ട.)രാംനാഥും സഹോദരന്‍ പങ്കജും അപലപിച്ചു.
















