ലക്‌നൗ: നാലുവയസ്സുകാരിക്ക് ഒന്‍പതാം ക്ലാസ്സില്‍ പ്രവേശനം നല്‍കി വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിനിയായ അനന്യയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
സെന്റ് മീരാസ് ഇന്റര്‍ കോളേജിലാണ് കുട്ടിയ്‌ക്ക് പ്രവേശനം നല്‍കിയത്. നാലാമത്തെ വയസ്സില്‍ തന്നെ അനന്യ ഹിന്ദി നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നും ഒന്‍പതാം ക്ലാസിലെ പാഠഭാഗങ്ങളെക്കുറിച്ച് നല്ല ഗ്രാഹ്യമുണ്ടെന്നും ജില്ല സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ ഉമേഷ് ത്രിപാഠി കുട്ടിയ്‌ക്ക് പ്രവേശനം നല്‍കിക്കൊണ്ട് പറഞ്ഞു.
പഠനത്തില്‍ സമര്‍ത്ഥരായ അനന്യയുടെ സഹോദരനും സഹോദരിയും നേരത്തെ ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. സഹോദരി സുഷമ വര്‍മ്മ 2007ല്‍ ഏഴാം വയസ്സില്‍ തന്നെ പത്താം ക്ലാസ്സ് പാസായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ചു.
മൂന്ന് വര്‍ഷം മുന്‍പ് സുഷമ 13-മത്തെ വയസ്സില്‍ ബി.എസ്.സി പൂര്‍ത്തീകരിച്ചു. സഹോദരന്‍ ശൈലേന്ദ്രയാകട്ടെ 14-ാം വയസ്സില്‍ ബി.സി.എ പൂര്‍ത്തിയാക്കി റെക്കോഡിട്ടു.
















