ന്യൂദല്‍ഹി: ഭീകര പ്രവര്‍ത്തനങ്ങള്‍ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഭാരതം അഫ്ഗാന്‍ സൈന്യത്തിന് അത്യാധുനികമായ ആയുധങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. ഭാരതത്തിലെ അഫ്ഗാന്‍ സ്ഥാനപതി ഷയ്ദ മുഹമ്മദ് അബ്ദാലിയാണ് ഈ വിവരം വെളിപ്പെടുത്തിയത്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ രണ്ടു ബില്ല്യണിലധികം ഡോളറിന്റെ സാമ്പത്തിക സഹായം ഭാരതം അഫ്ഗാനിസ്ഥാന് നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്. ഇതിനു പുറമെയാണ് അഫ്ഗാനിസ്ഥാന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനുള്ള ഭാരതത്തിന്റെ നീക്കം. പാക്കിസ്ഥാന്‍ അവരുടെ സ്വാധീന മേഖലയായി കരുതുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. അവിടെ ചുവടുറപ്പിക്കാനുള്ള ഭാരതത്തിന്റെ നീക്കം പാക്കിസ്ഥാനെ ചൊടിപ്പിക്കാനുള്ള സാധ്യതകളുമുണ്ട്.
താലിബാന്‍ ഭീകരരുടെ പ്രധാനകേന്ദ്രമായ അഫ്ഗാനുമായി ഭീകരവാദവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതം സൈനികസഹകരണം ലഭ്യമാക്കുന്നത് ഇതാദ്യമല്ല. ഇക്കഴിഞ്ഞ ഡിസംബറില്‍, ഭാരതം നാല് റഷ്യന്‍ നിര്‍മ്മിത ഹെലിക്കോപ്ടറുകള്‍ അഫ്ഗാനിസ്ഥാനു നല്‍കിയിരുന്നു.
കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ രണ്ടു ബില്യണിലധികം ഡോളറിന്റെ സഹായം ഭാരതം അഫ്ഗാനിസ്ഥാനു ചെയ്തിട്ടുണ്ട്. ആവശ്യത്തിന് ആയുധങ്ങളില്ലാത്തതുമൂലം അഫ്ഗാനിസ്ഥാനിലെ പ്രാദേശിക സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ച്ചയിലാണെന്ന് ഭാരതത്തിലെ അഫ്ഗാന്‍ സ്ഥാനപതി ഷയ്ദ മുഹമ്മദ് അബ്ദാലി വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഭാരതത്തില്‍ നിന്ന് കൂടുതല്‍ ആയുധ സഹായങ്ങള്‍ അഫ്ഗാനിസ്ഥാന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
















