കൊല്‍ക്കത്ത: എട്ട് സിപിഎമ്മുകാരും ആറ് കോണ്‍ഗ്രസ് അംഗങ്ങളും കൂറുമാറി; മാള്‍ഡ ജില്ലാ പരിഷത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചു. ഭരണം നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന് കനത്തയടി.
മൂന്നു മാസം മുന്‍പ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ മാള്‍ഡയില്‍ ഒരു സീറ്റു പോലും നേടാന്‍ കഴിയാത്ത തൃണമൂലാണ് ഇന്നലെ അട്ടിമറിയിലൂടെ ഭരണം പിടിച്ചത്. 38 അംഗ ജില്ലാ പരിഷത്തിലെ എട്ട് സിപിഎം, ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്നലെ തൃണമൂലില്‍ ചേര്‍ന്നു. തൃണമൂലിന് ആറംഗങ്ങളാണ് ഉള്ളത്.
ഇതിനു പുറമേ രണ്ട് സമാജ്‌വാദ് പാര്‍ട്ടി അംഗങ്ങള്‍ ഇവരെ പിന്തുണച്ചു. ഇതോടെ 22 പേരുടെ പിന്തുണയോടെ തൃണമൂല്‍ അധികാരം പിടിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച, ജില്ലാ പരിഷത്ത് അംഗത്വമുള്ള ദീപാളി ബിശ്വാസും തൃണമൂലില്‍ ചേര്‍ന്നവരില്‍ പെടും. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ സിപിഎം- കോണ്‍ഗ്രസ് അവിശുദ്ധ ബന്ധത്തില്‍ എതിര്‍പ്പുള്ളവരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു. ഏകകക്ഷി ഭരണം സ്ഥാപിക്കാനും ജനാധിപത്യത്തെ കശാപ്പുചെയ്യാനുമാണ് തൃണമൂല്‍ ശ്രമമെന്നാണ് കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ പ്രതികരണം.
















