ന്യൂദല്‍ഹി: കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിന് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മൂന്ന് ലക്ഷത്തിന് മുകളില്‍ പണമായി നല്‍കുന്നത് നിരോധിക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചേക്കും. മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണക്കൈമാറ്റം ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ്, ചെക്ക്, ഡ്രാഫ്റ്റുകള്‍ എന്നിവയിലൂടെയാകും അനുവദിക്കുക.
ഇതിലൂടെ പണത്തിന്റെ സ്രോതസ് എളുപ്പത്തില്‍ കണ്ടെത്താനാകും. ഇത് ലംഘിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കും.
കാര്‍ഡുപയോഗിച്ചുള്ള ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ക്രെഡിറ്റ്-ഡബിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സര്‍ച്ചാര്‍ജ്ജ് ഒഴിവാക്കാന്‍ നേരത്തെ ധനമന്ത്രാലയം തീരുമാനിച്ചിരുന്നു. വസ്തുവകകളുടെ കൈമാറ്റത്തില്‍ 2,000 രൂപയിലധികം മുന്‍കൂര്‍ പണം നല്‍കുന്നതിനും വിലക്കേര്‍പ്പെടുത്തി. ഇത്തരം ഇടപാടുകളിലൂടെ കള്ളപ്പണം കൈമാറ്റം ചെയ്യപ്പെടുന്നതായി ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
ബാങ്ക് ലോണ്‍ തിരിച്ചടവിലും നിയന്ത്രണം ഏര്‍പ്പെടുത്തി. സ്വകാര്യ വ്യക്തികള്‍ക്ക് കൈവശം വയ്‌ക്കാവുന്ന പരമാവധി തുക 15 ലക്ഷമാക്കണമെന്ന ശുപാര്‍ശയില്‍ എന്നാല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. വാണിജ്യ വ്യവസായ രംഗത്ത് നിന്ന് ഇതിനെതിരെ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണിത്.
ജസ്റ്റിസ് (റിട്ട.) എം.ബി. ഷാ അധ്യക്ഷനായ പ്രത്യേക അന്വേഷണ സംഘമാണ് നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സുപ്രീംകോടതയില്‍ സമര്‍പ്പിച്ചത്. കണക്കില്‍പ്പെടാത്ത പണം പണമായിത്തന്നെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് പണക്കൈമാറ്റത്തിന് പരിധി നിശ്ചയിക്കാന്‍ ശുപാര്‍ശ.
















