മുഹമ്മ: മംഗളാപുരം-കണ്ണര്‍കാട് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കഞ്ചാവുകേസിലെ പ്രതിയായ യുവാവിന്റെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിയ്‌ക്ക്. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് കണ്ണര്‍കാട്-കൊച്ചുപുരയ്‌ക്കല്‍ രാമചന്ദ്രന്‍(81),ഭാര്യ രമണി(67),മകന്‍ സന്തോഷ്(45),ടെക്സ്റ്റയില്‍ ഷോപ്പ് നടത്തുന്ന സെമീറ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
കണ്ണര്‍കാട് തൈത്തറയില്‍ തിങ്കള്‍ എന്നുവിളിക്കുന്ന രജീഷ് ആണ് ആക്രമണം നടത്തിയത്. കഞ്ചാവ് മയക്കുമരുന്ന് സംഘത്തില്‍പെട്ട ഇയാള്‍ ഞായറാഴ്ച ഉച്ചയ്‌ക്ക് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് അഴിഞ്ഞാട്ടം തുടങ്ങിയത്. കണ്ടെയ്‌നര്‍ ഡ്രൈവറായ സന്തോഷ് ഓട്ടോറിക്ഷയില്‍ വീട്ടിലേയ്‌ക്ക് വരുമ്പോള്‍ ഇയാള്‍ വണ്ടി തടഞ്ഞു നിര്‍ത്തി ഓട്ടോ ഡ്രൈവറെ ആക്രമിച്ചു. പിന്നീട് സന്തോഷിനെ വീടിന് മുന്നില്‍ ഇറക്കി തിരികെ പോരുമ്പോള്‍ പിന്നാലെയെത്തി ഓട്ടോ ഡ്രൈവറെ വീണ്ടും ആക്രമിച്ചു.
പ്രാണരക്ഷാര്‍ത്ഥം ഇയാള്‍ സന്തോഷിന്റെ വീട്ടിലേയ്‌ക്ക് ഓടിക്കയറി. പിന്തുടര്‍ന്നെത്തിയ തിങ്കള്‍ ഓട്ടോ ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ചത് രാമചന്ദ്രന്‍ തടഞ്ഞു. പ്രകോപിതനായ പ്രതി രാമചന്ദ്രനെ കത്തികൊണ്ട് കഴുത്തിന് വെട്ടി. ഒഴിഞ്ഞുമാറിയതിനാല്‍ പിടലിയ്‌ക്ക് മുകളിലാണ് മുറിവേറ്റത്. ഇയാളുടെ ഇടതു കാലിനും പരിക്കേള്‍ക്കുകയും പിടലിയ്‌ക്ക് ആഴത്തില്‍ മുറിവേറ്റ ഇയാള്‍ക്ക് 14 സ്റ്റിച്ചുണ്ട്.
രാമചന്ദ്രന്റെ ഭാര്യ രമണി,മകന്‍ സന്തോഷ് എന്നിവരെ ഇരുമ്പ് പൈപ്പിന് അടിച്ച് ഇടതു കൈ ഒടിച്ചു. ടെക്സ്റ്റയില്‍സ് ഷോപ്പിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന മകനെ ആക്രമിയ്‌ക്കാന്‍ വന്നത് തടയാന്‍ ശ്രമിച്ച സമീറയുടെ കൈ അടിച്ചൊടിച്ചു. കൊലവിളി നടത്തി മടങ്ങിയ അക്രമി അരിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി വീണ്ടും ആക്രമണം നടത്താന്‍ തയ്യാറെടുക്കുമ്പോള്‍ മണ്ണഞ്ചേരി പോലീസെത്തി ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
പരിക്കേറ്റവര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















