ന്യൂദല്‍ഹി: കേരളത്തിന് പിന്നാലെ മുംബൈയിലും ഐഎസ് റിക്രൂട്ടമെന്റ്. ഭാര്യയെയും കുഞ്ഞിനെയും കൂട്ടി യുവാവ് ഇസ്ലാമിക ഭീകരസംഘടനയില്‍ ചേര്‍ന്നു.
ബിസിനസ്സുകാരനായ അബ്ദുള്‍ മജീദിന്റെ മകന്‍ അഷ്ഫാഖ് അഹമദ് (26), ഇയാളുടെ ഭാര്യ, മകന്‍, സഹോദരങ്ങളായ മുഹമ്മദ് സിറാജ് (22), ഇജാസ് റഹ്മാന്‍ (30) എന്നിവരാണ് ഐഎസ്സിലെത്തിയത്. കഴിഞ്ഞ ജൂണില്‍ ഇവര്‍ രാജ്യം വിട്ടതായാണ് വിവരം. ഐഎസ് സ്വാധീന മേഖലയിലെത്തിയെന്നും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നുമുള്ള ഇവരുടെ സന്ദേശം അഷ്ഫാഖിന്റെ ഇളയ സഹോദരന് ലഭിച്ചിരുന്നു. അചഛനെയും അമ്മയെയും നോക്കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു.
മലയാളി ഇമാമായ മുഹമ്മദ് ഹനീഫ് മൗലവി, മതപണ്ഢിതന്‍ അബ്ദുര്‍ റഷീദ്, നവി മുംബൈ സ്വദേശിയായ ആര്‍ഷി ഖുറേഷി, കല്യാണ്‍ സ്വദേശി റിസ്‌വാന്‍ ഖാന്‍ എന്നിവരാണ് മകനെയും കുടുംബത്തെയും ഐഎസ്സില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി അബ്ദുള്‍ മജീദ് ഈ മാസം ആറിന് പരാതി നല്‍കിയിരുന്നു. ഇവരെ പ്രതികളാക്കി എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വയനാട് കമ്പളക്കാട് സ്വദേശിയായ മുഹമ്മദ് ഹനീഫ് മൗലവി, അഷ്ഫാഖിനൊപ്പം സിറിയ സന്ദര്‍ശിച്ചിരുന്നു.
മലയാളികളെ ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഇയാളെ ഈ മാസം 14ന് പാനൂരില്‍ നിന്ന്് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പുല്ലൂക്കര സലഫി പള്ളിയിലെ ഇമാമാണ്. കേരളത്തില്‍ നിന്നും ഐഎസ്സില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 21 പേരില്‍ 11 പേര്‍ക്ക് മതപഠന ക്ലാസ്സുകള്‍ എടുത്തത് ഇയാളാണ്.
കേസില്‍ അറസ്റ്റിലായ ബീഹാര്‍ സ്വദേശിനി മുഹമ്മദ് യാസ്മിനും ഇമാമിന്റെ പങ്ക് വെളിപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് ഹനീഫിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയാണ്. മതംമാറി ഐഎസ്സില്‍ ചേര്‍ന്ന കൊച്ചി സ്വദേശിനി മെറിന്റെ സഹോദരനെ ഐഎസ്സില്‍ ചേരാന്‍ നിര്‍ബന്ധിച്ചതിന് ആര്‍ഷി ഖുറേഷിയെയും റിസ്‌വാന്‍ ഖാനെയും കേരള പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവര്‍ക്ക് കേരളത്തില്‍ നിന്നും കാണാതായ മറ്റുള്ളവരെയും ഐഎസ്സിലെത്തിച്ചതിന് പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇരുവരും പോലീസ് കസ്റ്റഡിയിലാണിപ്പോള്‍. വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ അനുയായികളാണ് ഇവര്‍.
അടുത്തിടെയായി മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നുവെന്ന് പിതാവ് അബ്ദുള്‍ മജീദ് പറയുന്നു. സംഗീതം കേള്‍ക്കുന്നത് നിര്‍ത്തി. ടെലിവിഷന്‍ കാണാറില്ല. വസ്ത്രധാരണത്തിന്റെ രീതിയും മാറി. താടി നീട്ടി വളര്‍ത്താന്‍ തുടങ്ങി. തങ്ങളുടെ കുടുംബം ബര്‍വേലി വിഭാഗം മുസ്ലിങ്ങളാണ്.
എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് മകന്‍ അല്‍ ഇ ഹദീസ് വിഭാഗത്തിലേക്ക് മാറി. അതേ വര്‍ഷം അവന്‍ വിവാഹിതനായെങ്കിലും ഏറെക്കഴിഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത്.
അഷ്ഫാഖും ഭാര്യയും ഏതാനും മാസം മുന്‍പ് ശ്രീലങ്കയില്‍ മതപഠനത്തിന് പോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെ ഇയാള്‍ നിര്‍ബന്ധിച്ച് കൊണ്ടുപോയതാണോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നാണ് പോലീസിന്റെ പ്രതികരണം.
















