പയ്യന്നൂര്‍: സിപിഎം നേതൃത്വം ആസൂത്രിതമായി നടത്തിയ ഗൂഢാലോചന പോലീസിന്റെ സഹായത്തോടെ നടപ്പിലാക്കുകയാണ് പയ്യന്നൂരില്‍ കഴിഞ്ഞ മാസം അരങ്ങേറിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ഒരു കൊലപാതകം നടന്ന് ഒരു മണിക്കുറിനകം പത്ത് കിലോമീറ്റര്‍ അകലെയുള്ള പയ്യന്നൂര്‍ നഗരത്തിലെ വീടുകളും കടകളും ആക്രമിക്കപ്പെട്ടതില്‍ ദുരുഹതയുണ്ട്. ഏതൊക്കെ വീടുകള്‍ ആക്രമിക്കണം, ഏതൊക്കെ വണ്ടികള്‍ കത്തിക്കണം, ആരെ വധിക്കണം എന്നൊക്കെ നേരത്തെ തീരുമാനിച്ച രീതിയിലായിരുന്നു അക്രമം. പോലീസടക്കമുള്ള സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കി നിര്‍ത്തിയായിരുന്നു അക്രമം. അക്രമം ലഘൂകരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. സിപിഎം സംസ്ഥാന സെക്രട്ടറിയാകട്ടെ ഒരു പടി കുടി കടന്ന് പാടത്തെ പണിക്ക് വരമ്പത്ത് കൂലി ലഭിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ പാടത്ത് പണിയെടുത്തിട്ടുണ്ടെങ്കില്‍ വരമ്പത്തിരിക്കുന്ന മാടമ്പിമാരോട് കൂലി വാങ്ങാന്‍ നില്‍ക്കില്ല. മറിച്ച് പാടത്ത് പൊന്ന് വിളയിക്കുകയാണ് ചെയ്യുക. നെഹ്‌റുവും ഇന്ദിരാഗാന്ധിയും ശ്രമിച്ചിട്ട് തകര്‍ക്കാന്‍ പറ്റാത്ത ഈ ദേശീയ പ്രസ്ഥാനത്തെ കേവലം ഒരു പ്രാദേശിക പാര്‍ട്ടി മാത്രമായി ചുരുങ്ങിയ സിപിഎം നേരിടാന്‍ വരുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
















