പാനൂര്‍: ശ്രീ മുകാംബികയുടെ സഹായഹസ്തം ഷാജിയുടെ ജീവനു തുണയാകും. ഇരുവൃക്കകളും തകരാറിലായ ചമ്പാട് സ്വദേശി ഇടച്ചോളീന്റെവിട ഷാജിയുടെ ചികിത്സാ സഹായധനം സ്വരൂപിക്കാനായി ഇന്നലെ തലശേരി, പാനൂര്‍, ചെറുവാഞ്ചേരി റൂട്ടിലോടുന്ന ശ്രീ മുകാംബിക ബസ് സര്‍വ്വീസ് നടത്തി മാതൃകയായി. ഓട്ടോ ഡ്രൈവറായ ഷാജിയ്‌ക്ക് വൃക്ക മാറ്റിവെയ്‌ക്കാനായി ഭാരിച്ച തുക വേണമെന്നതിനാലാണ് ബസ് ഉടമയും ജീവനക്കാരും ചേര്‍ന്ന് ഒരു ദിവസത്തെ വരുമാനം പൂര്‍ണ്ണമായും നല്‍കാന്‍ തീരുമാനിച്ചത്. നാട്ടുകാര്‍ ചേര്‍ന്നുണ്ടാക്കിയ ചികിത്സകമ്മറ്റിയ്‌ക്ക് ഈ തുക കൈമാറും.പന്ന്യന്നൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ഉദ്ഘാടനം ചെയ്തു. ടി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. എം.പത്മനാഭന്‍, എം.നന്ദകുമാര്‍, നസീര്‍ എടവലത്ത്, സുബിലാഷ്, കെ.ദിജിന്‍, കെപി.കുമാരന്‍ എന്നിവര്‍ സംസാരിച്ചു.
















