ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിച്ചതിന് ബോളിവുഡിലെ വിവാദ ഐറ്റം ഗേള്‍ രാഖിസാവന്തിനെതിരെ കേസ്. നിറയെ മോദിയുടെ ചിത്രം പതിച്ച കറുത്ത വസ്ത്രം ധരിച്ച് യുഎസില്‍ ഒരു സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ പങ്കെടുത്തതിന് മീററ്റിലെ ഒരു സര്‍ക്കാരിതര സംഘടനയാണ് രാഖിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ഇത്തരമൊരു വസ്ത്രം ധരിച്ച് പൊതുപരിപാടിയില്‍ പങ്കെടുത്ത് രാഖിസാവന്ത് പ്രധാനമന്ത്രിയെ അവഹേളിച്ചിരിക്കുകയാണെന്ന് മീററ്റ് കോടതിയില്‍ പരാതി നല്‍കിയ പ്രോഗ്രസീവ് വെല്‍ഫെയര്‍ സൊസൈറ്റി വൈസ്പ്രസിഡന്റ് ലത കുറ്റപ്പെടുത്തി. ഈ വേഷത്തിലുള്ള രാഖിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കയാണ്.
പൊതു സ്ഥലങ്ങളില്‍ ആഭാസകരമായ പെരുമാറ്റം, അപകീര്‍ത്തി എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പ്രോഗ്രസിവ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ അഭിഭാഷകന്‍ നിതിന്‍ അഹ്‌ലുവാലിയ പറഞ്ഞു. ഹിന്ദി സിനിമയില്‍ ഐറ്റം ഡാന്‍സ് ആടിത്തകര്‍ത്തതിനേക്കാള്‍ രാഖി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത് വിവാദങ്ങളിലൂടെയായിരുന്നു.
ശുചിമുറിയില്‍ ബുദ്ധപ്രതിമ സ്ഥാപിച്ചും, ബാബാ രാംദേവിനെ വിവാഹം ചെയ്യണമെന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞും രാഖിയുയര്‍ത്തിയ വിവാദങ്ങള്‍ കുറച്ചൊന്നുമല്ല. അടുത്തയിടെ ഹിന്ദി സീരിയല്‍ താരം പ്രത്യുഷ ബാനര്‍ജി ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തപ്പോള്‍ ഇനി ഇത്തരം ആത്മഹത്യകളില്ലാതിരിക്കാന്‍ രാജ്യത്ത് ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടും രാഖി വാര്‍ത്തികളില്‍ ഇടംപിടിച്ചിരുന്നു.
















