തിരുവനന്തപുരം: എടിഎം തട്ടിപ്പ് കേസിലെ പ്രതി ഗബ്രിയേല്‍ മരിയനെ 22 വരെ തിരുവനന്തപുരം സിജെഎം കോടതി പോലീസ്‌കസ്റ്റഡിയില്‍ വിട്ടു. മുംബൈയില്‍ പിടിയിലായ പ്രതിയെ കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിച്ചിരുന്നു.
അതീവ സാങ്കേതിക പരിജ്ഞാനം ഉള്ളവരടങ്ങിയ സംഘത്തിലെ കണ്ണി മാത്രമാണ് താനെന്നാണ് ഗബ്രിയേല്‍ മരിയന്‍ പൊലീസിന് മൊഴി നല്‍കിയത്. സംഘത്തിന്റെ പ്രവര്‍ത്തനം ബള്‍ഗേറിയയാണെന്ന് . നിരവധി എടിഎമ്മുകള്‍ പരിശോധിച്ചെന്ന വിവരത്തെതുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ എസ്ബിഐ-എസ്ബിടി എടിഎമ്മുകളുടെയും സിസിടിവി ദൃശ്യങ്ങള്‍ ബാങ്ക് പരിശോധിച്ചു വരികയാണ്.
ജനുവരിയിലാണ് സംഘം തലസ്ഥാനത്തെത്തിയത്. 30 എടിഎം കൗണ്ടറുകളില്‍ പരിശോധന നടത്തിയെന്നാണ് ഗബ്രിയേല്‍ പോലീസിനോട് പറഞ്ഞത്. ആല്‍ത്തറയിലെ എസ്ബിഐ എടിഎമ്മില്‍ സുരക്ഷാവീഴ്ച ബോധ്യപ്പെട്ടതോടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചു. ജൂണ്‍ 30 നും ജൂലൈ 12 നും ഇടയില്‍ വെള്ളയമ്പലത്തെ എടിഎമ്മില്‍ നാല് തവണ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചു.
ഇതുവഴി നാനൂറോളം ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി. തുടര്‍ന്ന് വിവരങ്ങള്‍ ബള്‍ഗേറിയയിലേക്ക് കൈമാറി.
ഈ വിവരങ്ങള്‍ മനസിലാകുന്ന ഭാഷയിലേയ്‌ക്ക് മാറ്റി മുംബൈയിലെ സംഘങ്ങള്‍ക്ക് നല്‍കി. തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാനെന്ന വ്യാജേന പ്ലാസ്റ്റിക് കാര്‍ഡുകള്‍ സംഘടിപ്പിച്ച് പിന്‍കോഡ് രേഖപ്പെടുത്തിയ മാഗ്‌നറ്റിക് റിബണ്‍ ഒട്ടിച്ച് വ്യാജ എടിഎം കാര്‍ഡുകള്‍ നിര്‍മ്മിച്ചു. ഈ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്.
എട്ട് ലക്ഷത്തോളം രൂപ കവര്‍ന്നതായാണ് പ്രാഥമിക വിവരം. കൂട്ടുപ്രതികളായ ബോഗ്ബീന്‍ ഫ്‌ളോറിയന്‍, ക്രിസ്റ്റെന്‍ വിക്ടര്‍, ഇയോണ്‍ സ്‌ളോറി എന്നിവര്‍ വിദേശത്തേക്ക് കടന്നന്നെന്നായിരുന്നു ഗബ്രിയേല്‍ പറഞ്ഞത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് ഗബ്രിയേലിനെ മുംബൈ പൊലീസ് പിടികൂടിയത്. അന്നുരാത്രി 12 ഓടെ തിരുവനന്തപുരം ചൂഴാട്ട്‌കോണത്തെ ജ്യോതികുമാറിന്റെ അക്കൗണ്ടില്‍ നിന്നും 47,800 രൂപ നഷ്ടപ്പെട്ടു. മുംബൈയില്‍ നിന്നുമാണ് ഈ തുക പിന്‍വലിച്ചിട്ടുള്ളത്.
എന്നാല്‍ ഗബ്രിയേലിനെ അറസ്റ്റുചെയ്തതിന് ശേഷവും എസ്ബിടി ഇടപാടുകാരന് പണം നഷ്ടമായതോടെ പ്രതികളില്‍ ചിലര്‍ ഇവിടെയുണ്ടെന്ന് വ്യക്തമായി. മുംബൈയില്‍ തുടരുന്ന ഇയാളെ പിടികൂടാനുള്ള ശ്രമം അന്വേഷണ സംഘം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മുംബൈയില്‍ ഇപ്പോഴും മൂന്നംഗ പോലീസ് സംഘം തുടരുന്നുണ്ട്.
മുംബൈ പോലീസിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്തുവാനുള്ള ശ്രമമാണ് നടക്കുന്നത്. പണം അവസാനമായി പിന്‍വലിച്ച അന്ധേരിക്കടുത്ത് സ്വസ്ഥി വ്യവസായ മേഖലയിലെ എടിഎമ്മിലും പരിസരങ്ങളിലും പരിശോധന നടത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ മൂന്ന് ദിവസത്തിനകം വെളിപ്പെടുത്താമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ കൊച്ചിയില്‍ പറഞ്ഞു. രാജ്യാന്തര ശൃംഖലയിലെ മറ്റ് കണ്ണികളെ കുടുക്കാന്‍ ഇന്റര്‍പോളിന്റെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
റിസര്‍വ്വ് ബാങ്കുമായി ആലോചിച്ച്
നടപടി : ജെയ്റ്റ്ലി
ന്യൂദല്‍ഹി: കേരളത്തിലെ എടിഎം കവര്‍ച്ച സംബന്ധിച്ച് റിസര്‍വ്വ് ബാങ്കുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
രാജ്യത്ത് മറ്റു സ്ഥലങ്ങളിലും ഇത്തരം കവര്‍ച്ചകള്‍ നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. രാജ്യത്തെ എടിഎം സുരക്ഷയുടെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് റിസര്‍വ്വ് ബാങ്കിന്റെ അഭിപ്രായം ആരായുമെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി. കെ.സി. വേണുഗോപാലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
















