ന്യൂദല്‍ഹി: ജഡ്ജിമാരുടെ നിയമനനടപടികള്‍ വൈകിപ്പിക്കരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്. സുപ്രീംകോടതിയിലെയും 24 ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തിന് പ്രത്യേക നടപടികളാണ്. ഇത് പൂര്‍ത്തിയായില്ലെന്നു പറഞ്ഞ് കേന്ദ്രം നിയമനം വൈകിപ്പിക്കരുത്, കോടതി പറഞ്ഞു.
ജഡ്ജിമാരുടെ കൊളീജിയം എട്ടുമാസം മുന്‍പ് നിയമനങ്ങളും സ്ഥലംമാറ്റങ്ങളും നിശ്ചയിച്ച് ശുപാര്‍ശക്കുറിപ്പ് അയച്ചതാണ്. കാരണമൊന്നും പറയാതെ തീരുമാനം എടുക്കാതിരിക്കുകയാണ്, ഇത് കോടതി നടപടികളെ ബാധിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
വൈകുന്നതിന്റെ കാരണം നാലാഴ്ചക്കകം ബോധിപ്പിക്കാന്‍ കോടതി അറ്റോര്‍ണി ജനറലിനോട് നിര്‍ദ്ദേശിച്ചു. ജഡ്ജിമാരുടെ സ്ഥലംമാറ്റവും നടപ്പാക്കിയിട്ടില്ല. ഹൈക്കോടതികളിലെ ഒഴിവുകള്‍ 43 ശതമാനം കൂടി. കെട്ടിക്കിടക്കുന്ന കേസുകള്‍ 40 ലക്ഷമാണ്, ചീഫ് ജസ്റ്റീസ് ടി.എസ്. താക്കൂര്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന് അയച്ച 75 ജഡ്ജിമാരുടെ പേരും അദ്ദേഹം വായിച്ചു. എതിര്‍പ്പുണ്ടെങ്കില്‍ ആ പേരുകള്‍ മടക്കി അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.
ജഡ്ജിമാര്‍ മാത്രം ഉള്‍പ്പെട്ട കൊളീജിയമാണ് ഇപ്പോള്‍ ജഡ്ജിമാരെ നിയമിക്കുന്നത്. ഇതിനു പകരം ചീഫ് ജസ്റ്റീസും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സംവിധാനം ജഡ്ജിമാരെ നിയമിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
ഇത്തരമൊരു സംവിധാനത്തിന് രൂപം നല്‍കിയിട്ടുമുണ്ട്. എന്നാല്‍, ജഡ്ജിമാര്‍ ഇതിനെ എതിര്‍ക്കുന്നു.
















