ന്യൂദല്‍ഹി: ദല്‍ഹിയില്‍ രണ്ടായിരം സിസിയും അതിനു മുകളിലുമുള്ള ഡീസല്‍ കാറുകള്‍ വില്ക്കാന്‍ സുപ്രീംകോടതി അനുവദിച്ചു. ഇതിന് ഒരു ശതമാനം ഹരിത നികുതി നല്‍കണം. കാര്‍ നിമ്മാതാക്കളില്‍ നിന്ന് ഹരിത നികുതി ശേഖരി ക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതു മേഖലാ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കണം.
ഹരിത നികുതി അടച്ച രസീത് കാണിച്ചാല്‍ മാത്രമേ ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കാവൂ. കോടതി വ്യക്തമാക്കി.
ഡീസല്‍ വാഹനങ്ങള്‍ക്ക് ഒരു ശതമാനത്തില്‍ കൂടുതല്‍ ഹരിത നികുതി ചുമത്തണോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ചെറുകിട ഡീസല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി വേണോയെന്നും തങ്ങള്‍ തീരുമാനിക്കും.
ഡീസല്‍ വാഹന വില്പ്പനയ്‌ക്കുള്ള വിലക്ക് മറികടക്കാന്‍, തങ്ങള്‍ ഒരു ശതമാനം ഹരിത നികുതി അടയ്‌ക്കാമെന്ന് കാട്ടി മേഴ്‌സിഡസ് ബെന്‍സ് നല്‍കിയ ഹര്‍ജി പരിഗണക്കവേയാണ് സുപ്രീം കോടതി ഇത്തരം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്. കഴിഞ്ഞ വര്‍ഷമാണ് സുപ്രീംകോടതി ദല്‍ഹിയില്‍ ഡീസല്‍ വാഹന വില്പ്പന നിരോധിച്ചത്.
















