പാനൂര്‍: വീട്ടുവേലക്ക് നിര്‍ത്തിയ പ്രായപൂര്‍ത്തിയാകാത്ത കര്‍ണ്ണാടക സ്വദേശിനി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പൗരാവകാശസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് പരാതി നല്‍കി. കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ പുത്തൂര്‍ സിഎച്ച് മൂസ്സഹാജിയുടെ മകന്റെ വീട്ടില്‍ നിന്നാണ് 14 വയസ് പ്രായമുളള പെണ്‍കുട്ടി ഇക്കഴിഞ്ഞ 6ന് ദുരൂഹസാഹചര്യത്തില്‍ മരിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം. തലശേരി താലൂക്കില്‍ ബാലവേല വ്യാപകമാണെന്ന് ലീഗല്‍സര്‍വ്വീസ് അതോറിറ്റി നടത്തിയ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു കൈവേലിക്കലില്‍ നിന്നും വീട്ടുവേലയ്‌ക്ക് നിര്‍ത്തിയ 12വയസുകാരി ഇറങ്ങിയോടിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയും പ്രശ്‌നത്തില്‍ ജനകീയസമിതി ഇടപ്പെടുകയും ചെയ്തിരുന്നു. കോടതിയില്‍ ഇ.മനീഷ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ബാലവേലക്കെതിരെ അന്വേഷണം നടത്താന്‍ കണ്ണൂര്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അതിനുശേഷം താല്‍ക്കാലിക നടപടികളുണ്ടായെങ്കിലും ബാലവേല നിര്‍ബാധം ഇന്നും തുടരുകയാണ്. കൈവേലിക്കല്‍, കടവത്തൂര്‍, പാനൂര്‍, എലാങ്കോട്, പുത്തൂര്‍, പൊയിലൂര്‍, ചെറുപറമ്പ് ഭാഗങ്ങളിലാണ് സമ്പന്നരുടെ വീടുകളില്‍ ബാലവേല നടക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് പൗരാവകാശസംരക്ഷണ സമിതി ചെയര്‍മാന്‍ എം.സന്തോഷ്, കണ്‍വീനര്‍ ഇ.മനീഷ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















