മനില: ഫിലിപ്പീൻസിൽ 2017ൽ നടക്കുന്ന ലോക സൗന്ദര്യ മത്സരത്തിന് ഭീഷണി ഉയർത്തി ഐഎസ് ഭീകര സംഘടന രംഗത്ത്. ലോക സൗന്ദര്യ മത്സരം നടക്കുന്ന സമയം ആക്രമണം നടത്താൻ രാജ്യത്തെ സംഘടനാ അനുഭാവികളോട് ആവശ്യപ്പെടുന്ന വീഡിയോ കഴിഞ്ഞ ദിവസം ഐഎസ് പുറത്ത് വിട്ടു. 2017 ജനുവരിയിലാണ് ഫിലിപ്പീൻസിൽ ലോക സൗന്ദര്യ മത്സരം നടക്കുന്നത്
നിരവധിയാളുകൾ ഡൗൺലോഡ് ചെയ്ത വീഡിയോയിൽ രാജ്യത്തിലെ ജിഹാദികൾ ചാവേറുകളായി മത്സര വേദിയിൽ പൊട്ടിത്തെറിക്കാനാണ് ഐഎസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരാൾക്ക് തനിയെ എപ്രകാരം ആത്മഹത്യാ ബെൽറ്റ് നിർമ്മിക്കാമെന്നും എത്തരത്തിൽ അത് സ്ഫോടനം നടത്താനാകുമെന്നും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
രക്തസാക്ഷിത്വം ഇഷ്ടപ്പെടുന്ന സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. രാജ്യത്തെ ജിഹാദികൾ ഐഎസിനെതിരെ പോരാടുന്ന വിദേശ രാജ്യങ്ങളിലെ ജനങ്ങളുടെ ചോരക്കായി യുദ്ധം ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഐഎസിനു വേണ്ടി സിറിയയിലും ഇറാഖിലും പോരാടാൻ സാധിക്കാതെ വരുന്നവർ അവരവരുടെ രാജ്യങ്ങളിൽ ജിഹാദ് പ്രവർത്തിക്കണമെന്നാണ് ഐഎസ് നിഷ്കർഷിച്ചിരിക്കുന്നത്.
കിഴക്കനേഷ്യൻ രാജ്യമായ ഫിലിപ്പീൻസിൽ ഐഎസിന് പിന്തുണ ഏറുന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വീഡിയോ സന്ദേശമെന്നാണ് രാജ്യത്തെ ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കുന്നത്.
















