ക്വറ്റ: പാക്കിസ്ഥാന്‍ ബലൂചിസ്ഥാനിലെ ക്വറ്റയില്‍ കഴിഞ്ഞദിവസമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് പാക് അഭിഭാഷകര്‍ കോടതി വിട്ടുനിന്നു.
തിങ്കളാഴ്ച ക്വറ്റ സിവില്‍ ആശുപത്രിയിലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 70 പേരില്‍ പ്രമുഖ അഭിഭാഷകരായിരുന്നു അധികവും. ക്വറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ആശുപത്രിയില്‍ കൂടിയവര്‍ക്കെതിരേ ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തുകയായിരുന്നു.
അഭിഭാഷകര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ അഭിഭാഷക സമൂഹം കോടതി നടപടിക്രമങ്ങള്‍ ബഹിഷ്‌കരിക്കുകയാണെന്ന് പാക്കിസ്ഥാന്‍ ബാര്‍ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവന പറയുന്നു.
ബലൂചിസ്ഥാനിലെ സ്‌കൂളുകള്‍ക്ക് ഇന്നലെ അവധിയായിരുന്നു. പാക് താലിബന്‍ ഭീകര സംഘടനയുടെ ഒരു വിഭാഗമായ ജമാ അത്ത് ഉള്‍ അഹ്‌റാര്‍ (ജെയുഎ) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. 112 പേര്‍ക്കാണ് പരിക്കേറ്റതെന്ന് പാക് അധികൃതര്‍ സ്ഥിരീകരിച്ചു.
















