സ്‌ഫോടനം നടന്ന ക്വറ്റ സിവില്‍ ആശുപത്രി പരിസരത്ത് മൃതദേഹങ്ങള്‍ ചിതറിയ നിലയില്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയില്‍ ചാവേര്‍ കൂട്ടക്കൊലയില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ക്വറ്റ സിവില്‍ ആശുപത്രിയിലായിരുന്നു ഭീകരരുടെ ചാവേര്‍ ആക്രമണം. 112 പേര്‍ക്കു പരിക്ക്. സുന്നി-ഷിയാ മുസ്ലിം ആക്രമണങ്ങള്‍ക്കു കുപ്രസിദ്ധമായ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ അടുത്തിടെയുണ്ടായ വലിയ ആക്രമണമാണിത്.
കോടതിയിലേക്കുള്ള വഴിയില്‍, ബലൂചിസ്ഥാന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ കാസിയെ രണ്ടു പേര്‍ വെടിവെച്ചു വീഴ്‌ത്തി. കാസിയെ ആശുപത്രിയില്‍ കാണാനെത്തിയ അഡ്വക്കേറ്റുമാര്‍ക്കിടയില്‍ ചാവേര്‍, ബോംബു പൊട്ടിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവര്‍ അധികവും മുതിര്‍ന്ന അഭിഭാഷകരാണ്. രണ്ട് പത്രപ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടമായി. ഡോണ്‍ പത്രത്തിന്റെ ലേഖകന്‍ മെഹ്മൂദ് ഖാനും ആജ് ടിവി കാമറാ മാന്‍ ഷെഹ്്‌സാദ് ഖാനും.
മന്നുജാന്‍ റോഡിലെ മംഗള്‍ ചൗക്കിലായിരുന്നു കാസിക്ക് വെടിയേറ്റത്. സംഭവം ആസൂത്രിതമായിരുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് ഹഖ് കക്കര്‍ പറഞ്ഞു. കാസിയുടെ മൃതദേഹത്തോടൊപ്പം ആശുപത്രി വരാന്തയില്‍ ഒട്ടേറെ അഡ്വക്കേറ്റുമാരും പത്രപ്രവര്‍ത്തകരും സാധാരണക്കാരുമുണ്ടായിരുന്നു. അതിനിടെയാണ് സ്‌ഫോടനം നടന്നത്. മൃതദേഹങ്ങള്‍ ചിതറി, ആശുപത്രി പരിസരം പുകകൊണ്ടുമൂടി.
എങ്ങും രക്തം തളം കെട്ടിക്കിടന്നു. ആളുകള്‍ തലങ്ങും വിലങ്ങും ഓടി. കൊല്ലപ്പെട്ടവരില്‍ രോഗികളുമുണ്ട്. ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ബാസ് മുഹമ്മദ് കക്കര്‍ക്കും പരിക്കേറ്റു.
പ്രധാനമന്ത്രി നവാസ് ഷെറീഫ് ക്വറ്റയിലെത്തി. സൈനിക മേധാവി റഷീല്‍ ഷെറീഫും ആശുപത്രി സന്ദര്‍ശിച്ചു. തെഹ്‌റി ഇ താലിബന്‍ പാക്കിസ്ഥാനിന്റെ ഒരു വിഭാഗമായ ജമാ അത്ത് ഉര്‍ അഷ്‌റാര്‍ ആക്രമണം നടത്തിയത് അവരാണെന്ന് വൈകിട്ട് അവകാശപ്പെട്ടു. ആക്രമണങ്ങള്‍ തുടരുമെന്ന് ഇഷ്‌സാനുള്ള ഇഷാന്‍ പറഞ്ഞു.
















