ന്യൂദല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി ആംആദ്മി പാര്‍ട്ടിയില്‍ ഭിന്നത. 26 സ്ഥാനാര്‍ത്ഥികളെയാണ് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിക്കാനിരുന്നത്. തര്‍ക്കത്തെത്തുടര്‍ന്ന് 19 പേരുടെ പട്ടികയേ പ്രഖ്യാപിക്കാനായുള്ളു. എഎപി സംസ്ഥാന അധ്യക്ഷന്‍ സുച സിങ് ചോട്പറുടെ എതിര്‍പ്പാണ് ഏഴ് പേരുടെ ഒഴിവാക്കലിലെത്തിയത്.
എഎപി രാഷ്‌ട്രീയകാര്യ സമിതിയാണ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. സുച സിങ് സമിതി അംഗമല്ല. എന്നാല്‍, സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ തനിക്കുള്ള എതിര്‍പ്പ് അംഗീകരിച്ചാണ് ഏഴ് പേരെ ഒഴിവാക്കിയതെന്ന് സുച പറഞ്ഞു.
മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി പൊതുസമ്മതരെയും മറ്റ് പാര്‍ട്ടികളിലെ നേതാക്കന്മാരെയും സ്ഥാനാര്‍ത്ഥികളാക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. അര്‍ഹിക്കുന്ന പ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേജ്‌രിവാളിനെ കാണുമെന്നും അവര്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച പത്രസമ്മേളനത്തില്‍ നിന്ന് സുച സിങ് വിട്ടുനിന്നു. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെടുന്നവര്‍ പാര്‍ട്ടി വിടുമെന്ന ആശങ്കയിലാണ് എഎപി.
















