ചാലക്കുടി: നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാത്തതില്‍ പ്രതിഷേധിച്ച് ബിഎംഎസ് യൂണിയന്റെ നേതൃത്വത്തില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ ഇന്ന് പണിമുടക്കുന്നു. രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഗരസഭ, പോലീസ് എന്നിവര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടാകാത്തതിനാലാണ് പണിമുടക്കുമായി ബിഎംഎസ് മുന്നോട്ടുവന്നത്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് കഴിഞ്ഞ മാസം പോലീസ് അധികൃതരും ബന്ധപ്പെട്ട മറ്റുളവരുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. അതിനാലാണ് പ്രക്ഷോഭത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇന്ന് പണിമുടക്കുന്നത്.
ചാലക്കുടി പള്ളി സൗത്ത് ജംഗ്ഷന്‍ മുതല്‍ ആനമല ജംഗ്ഷന്‍ വരെ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. അതിനാല്‍ ബസുകള്‍ക്ക് കൃത്യമായ സമയത്ത് എത്താന്‍ കഴിയുന്നില്ല. ഇതിനെ ചൊല്ലി ബസ്‌തൊഴിലാളികള്‍ തമ്മിലുള്ള സഘര്‍ഷം നിത്യ സംഭവമാണ്.ടൗണിലെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങും ഗതാഗത കുരുക്കിന് കാരണമാകുന്നു. ഇതിനെതിരെയും നടപടിയില്ല. ഇതിന് പുറമെ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട വേതനം ഉടന്‍ നടപ്പിലാക്കുക,തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കുന്നതെന്ന് യൂണിയന്‍ നേതാക്കളായ സി.ആര്‍.ജിനു,കെ.എസ്.സതീഷ് എന്നിവര്‍ അറിയിച്ചു.
















