ന്യൂദല്‍ഹി: വ്യാജ ഗോരക്ഷകര്‍ക്കെതിരായ ആര്‍എസ്എസിന്റെ വികാരം തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലൂടെ പ്രതിധ്വനിച്ചതെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. സമൂഹത്തില്‍ ചില തെറ്റായ ഘടകങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവയ്‌ക്കുന്നതെന്ന് കുമാര്‍ പറഞ്ഞു.
ഗോരക്ഷകരെന്ന വ്യാജേന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ കുറിച്ച് പരാതിപ്പെടണമെന്ന് ജനങ്ങളോട് മോദി പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഗോരക്ഷയ്‌ക്ക് ഉതകുന്ന കാര്യങ്ങള്‍ ചെയ്യുന്നവരെ മോദി പ്രശംസിക്കുകയും ചെയ്തിരുന്നെന്ന് ഇന്ദ്രേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
കപട ഗോസംരക്ഷകരെ ഒറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും വേണമെന്ന് കഴിഞ്ഞ ദിവസം തെലങ്കാനയില്‍ നടന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിച്ചിരുന്നു.
രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ഇത്തരം കപട ഗോരക്ഷകരുടെ ലക്ഷ്യം. യഥാര്‍ത്ഥ ഗോസംരക്ഷണവുമായി ഇവര്‍ക്ക് പുലബന്ധമില്ലെന്നും ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത നടപടി എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇത്തരക്കാര്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണം. സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. ഭാരതം വ്യത്യസ്ത പാരമ്പര്യവും മൂല്യങ്ങളും കൂടിച്ചേര്‍ന്ന നാടാണ്. അതിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ ഉത്തരവാദിത്വമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
യഥാര്‍ഥ ഗോസംരക്ഷകരെ താന്‍ അംഗീകരിക്കുന്നതായും അഭിവാദ്യം ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു. വ്യാജ ഗോസംരക്ഷകരെ സമൂഹത്തില്‍ തുറന്നുകാട്ടാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാര്‍ഥതാല്‍പര്യത്താല്‍ വ്യാജന്‍മാര്‍ ചെയ്യുന്ന കര്‍മങ്ങള്‍ കൊണ്ട് യഥാര്‍ഥ ഗോസംരക്ഷകര്‍ ചെയ്യുന്ന നല്ല കാര്യങ്ങളും ഫലം കാണാതെ പോകുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.















