കോയമ്പത്തൂർ: കോയമ്പത്തൂരിൽ പാരസൈലിങിനിടെ 50 അടി ഉയരത്തു നിന്ന് താഴെ വീണ് ഒരാൾ മരിച്ചു. 53കാരനായ വ്യവസായി മഹേശ്വര റാവുവാണ് അഭ്യാസ പ്രകടനത്തിനിടെ ദാരുണമായി മരിച്ചത്. ഞായറാഴ്ച രാവിലെ കോഡിസിയ ഗ്രൗണ്ടിലാണ് സംഭവം.
പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ഇയാൾ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. റാവുവിന്റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന സേഫ്റ്റി ബെൽറ്റ് അയഞ്ഞതാണ് അപകടത്തിനു കാരണം. കോയമ്പത്തൂർ മെഡിക്കൽ കോളെജാണ് മൂന്നു ദിവസത്തെ പാരസൈലിങ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
അതേസമയം അപകട സാധ്യതയുള്ള പരിപാടി സംഘടിപ്പിച്ചപ്പോൾ സുരക്ഷാ ക്രമീകരണങ്ങളൊന്നും തന്നെ പാലിച്ചിരുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. അപകട സമയത്ത് ഇയാളുടെ ഭാര്യയും മക്കളും സുഹൃത്തുക്കളും സ്ഥലത്ത് ഉണ്ടായിരുന്നു.
















