പത്തനാപുരം: സംസ്ഥാനത്ത് എട്ടില്‍ ഒന്ന് സ്ത്രീകള്‍ക്ക് സ്തനാര്‍ബുദത്തിന് സാധ്യതയുള്ളതായി പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാവിദഗ്‌ദ്ധന്‍ ഡോ.വി.പി. ഗംഗാധരന്‍ പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനില്‍ ജീവനം-2016’കാന്‍സര്‍ രോഗപ്രതിരോധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാന്‍സര്‍ ചികിത്സക്കെത്തുന്ന മൂന്നില്‍ ഒരു സ്ത്രീക്ക് വീതം സ്തനാര്‍ബുദമുണ്ട്. പ്രാരംഭദശയില്‍ കണ്ടുപിടിച്ചാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയുന്ന രോഗമാണിത്. സ്ത്രീകള്‍ക്കുതന്നെ ഇത് സ്വയം കണ്ടെത്താവുന്നതേയുള്ളു. വേദനയില്ലാത്ത മുഴകള്‍, തൊലിപ്പുറത്തെ ചുവന്ന പാടുകള്‍, സ്തനങ്ങളിലെ ദ്വാരങ്ങള്‍ എന്നിവ കണ്ണില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ കണ്ട് അവ സ്തനാര്‍ബുദമല്ലെന്ന് ഉറപ്പിക്കണം. പ്രാരംഭഘട്ടത്തിലാണെങ്കില്‍ രോഗം വന്ന ഭാഗം മാത്രം ശസ്ത്രക്രിയ ചെയ്ത് നീക്കി രോഗിയെ രക്ഷിക്കാനാവും.
പുകവലി, മദ്യം, ആഹാരരീതിയില്‍ വന്ന മാറ്റം എന്നിവയൊക്കെ കാന്‍സറിന് കാരണമാകുന്നുണ്ട്. പച്ചക്കറികള്‍, ഇലവര്‍ഗങ്ങള്‍, ഗ്രീന്‍പീസ്, സോയാ, പഴവര്‍ഗങ്ങള്‍ എന്നിവ ആഹാരത്തിന്റെ അവിഭാജ്യ ഘടകമാക്കിയാല്‍ കാന്‍സറിനെ അകറ്റിനിര്‍ത്താമെന്നും ഡോ. ഗംഗാധരന്‍ പറഞ്ഞു.
ചടങ്ങില്‍ പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.നജീബ് മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു.
ഡോ.സി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, ആറ്റിങ്ങല്‍ ഡിവൈഎസ്പി: ചന്ദ്രശേഖരപിള്ള, ബിജു തുണ്ടില്‍, എം.ഷേക്പരീത്, സജീവ് കലഞ്ഞൂര്‍, ശിവാനന്ദന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
















