പത്തനാപുരം: അംഗവൈകല്യമുള്ള വൃദ്ധന് സിപിഎം പ്രവര്‍ത്തകന്റെ മര്‍ദനം. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ചെമ്പനരുവി കടമ്പുപാറ ബിജു ഭവനത്തില്‍ ജോയി(63)ക്കാണ് മര്‍ദനമേറ്റത്. വലതു കൈപ്പത്തി പൂര്‍ണമായും നഷ്ടപെട്ട് അംഗവൈകല്യമുള്ള ആളാണ് ജോയി.
വസ്തുവിന്റെ അതിര്‍ത്തിതര്‍ക്കത്തിന്റെ പേരില്‍ സമീപവാസിയും പ്രദേശിക സിപിഎം പ്രവര്‍ത്തകനുമായ രാജനുമായി പത്തനാപുരം പോലീസില്‍ കേസുണ്ട്. കഴിഞ്ഞദിവസം വീണ്ടും അതിര്‍ത്തിതര്‍ക്കം ഉണ്ടാവുകയും കയ്യാങ്കളിയില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് ജോയി പത്തനാപുരം പോലീസില്‍ പരാതി നല്‍കി മടങ്ങുന്നതിനിടയില്‍ വിജനമായ സ്ഥലത്തുവച്ച് രാജന്‍ മാരകായുധങ്ങളുമായി മര്‍ദിക്കുകയായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ജോയിയെ ആശുപത്രിയില്‍ എത്തിച്ചത്. രോഗിയായ ഭാര്യയാണ് ജോയിക്ക് സഹായത്തിനായി ആശുപത്രിയില്‍ ഉള്ളത്. ജോയിയുടെ ഏകമകനെ കാണാതായിട്ട് അഞ്ചുവര്‍ഷമാകുന്നു. മകന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ട്.
ആരും ആശ്രയമില്ലാതെ കഴിയുന്ന വൃദ്ധദമ്പതികള്‍ നീതി ലഭിക്കണമെന്നാവിശ്യപ്പെട്ടു മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനിരിക്കുകയാണ്. മര്‍ദനത്തില്‍ പരിക്കേറ്റ ജോയി പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പത്തനാപുരം എസ്‌ഐ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
















