കുന്നത്തൂര്‍: മുമ്പെങ്ങുമില്ലാത്ത വിധം മണ്ഡലത്തില്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ സിപിഎം വികസനസെമിനാര്‍ സംഘടിപ്പിച്ചത് കോവൂരിനെ പാര്‍ട്ടിയെ നിയന്ത്രണത്തില്‍ കൊണ്ടുവരുവാനുള്ള തന്ത്രമാണെന്ന് വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ പൊതുജനങ്ങളെ ഉള്‍പ്പെടുത്തി കുന്നത്തൂര്‍ മണ്ഡലത്തിന്റെ വികസന ആവശ്യങ്ങളെപ്പറ്റി എംഎല്‍എയെ ബോധ്യപ്പെടുത്തുവാനായി വികസനചര്‍ച്ച സംഘടിപ്പിച്ചത്. കഴിഞ്ഞ 15 വര്‍ഷക്കാലവും എംഎല്‍എക്ക് മേല്‍ ആര്‍എസ്പിയുടെയോ എല്‍ഡിഎഫിന്റെയോ കാര്യമായ ഇടപെടല്‍ ഉണ്ടായിരുന്നില്ല. എംഎല്‍എയുടെ കഴിവുകേട് കൊണ്ടാണ് വികസനകാര്യത്തില്‍ മണ്ഡലം പിന്നോക്കം പോയതെന്ന് ആര്‍എസ്പി എല്‍ഡിഎഫ് വിട്ട സമയത്ത് സിപിഎം ആരോപിച്ചിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്തുള്ളവര്‍ മണ്ഡലത്തിലെ വര്‍ഷങ്ങളായുള്ള വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് കോവൂരിന് നേര്‍ക്കുള്ള പരോക്ഷവിമര്‍ശനം കൂടിയായി. ഇത്തരത്തില്‍ എംഎല്‍എയെ തങ്ങളുടെ അജണ്ടയിലൂടെ വഴിനടത്തിക്കാനാണ് സിപിഎം തന്ത്രമെന്ന് സൂചന.
















