ന്യൂദല്‍ഹി: സ്വകാര്യ ബസുകള്‍ക്ക് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് പെര്‍മിറ്റുകള്‍ നല്‍കേണ്ടന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതി ശരിവച്ചു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ബസുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
പൊതു ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി തീരുമാനമെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു.സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനം സര്‍ക്കാരിന് സ്വീകരിക്കാമെന്നും കോടതി നിരീക്ഷിച്ചു.
2013-ലാണ് സ്വകാര്യ ബസുകള്‍ക്ക് ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ് വരെയുള്ള പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതനുസരിച്ച് വിജ്ഞാപനവും പുറത്തിറക്കിയിരുന്നു.
സ്വകാര്യബസുകള്‍ സൂപ്പര്‍ ഫാസ്റ്റും ഫാസ്റ്റ് പാസഞ്ചറും ആക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ നല്‍കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന കാരണത്താലാണ് ഇത്തരമൊരു വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കിയത്. എന്നാല്‍ സ്വകാര്യ ബസുടമകള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സ്വകാര്യ ബസുടമകളുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയാണുണ്ടായത്. ഇതിനെതിരെയാണ് ബസുടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
















