ടെഹ്‌റാന്‍: യുഎസിനായി ചാരപ്രവര്‍ത്തനം നടത്തിയ ആണവ ശാസ്ത്രജ്ഞന്‍ ഷഹ്‌റാം അമീരിയുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ വെളിപ്പെടുത്തി. ഇറാന്റെ തന്ത്രപ്രധാനമായ രഹസ്യ വിവരങ്ങള്‍ യുഎസിനു കൈമാറിയതിനാണ് അമീരിയെ തൂക്കിക്കൊന്നതെന്ന് ഇറാന്‍ നിയമവിഭാഗം വക്താവ് ഘുലാം ഹുസയ്ന്‍ മുഹ്‌സെനി എജെ അറിയിച്ചു.
അമീരിയെ 2009ല്‍ സൗദിയില്‍ വച്ചു കാണാതാവുകയും ഒരുവര്‍ഷത്തിനുശേഷം യുഎസില്‍ നിന്നു കണ്ടെത്തുകയും ചെയ്തിരുന്നു. തന്നെ സൗദിയില്‍ നിന്നു തട്ടിക്കൊണ്ടുപോവുകയും സിഐഎ അധികൃതര്‍ ചോദ്യം ചെയ്യുകയുമായിരുന്നെന്നും അവരുടെ കഠിന പീഡനങ്ങളെത്തുടര്‍ന്ന് ഇറാനുമായി ബന്ധപ്പെട്ട ആണവ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നുമായിരുന്നു തിരിച്ചെത്തിയ അമീരി പ്രതികരിച്ചത്.
എന്നാല്‍, സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അമീരി വിവരങ്ങള്‍ കൈമാറിയതെന്ന വാദം തെറ്റാണെന്നു കണ്ടെത്തിയതായി ഇറാന്‍ വ്യക്തമാക്കി. തുടര്‍ന്ന് 2011 മെയില്‍ അമീരിയെ ഇറാനിയന്‍ പോലിസ് തടവിലാക്കുകയായിരുന്നു.
















