ന്യൂദല്‍ഹി: ആര്‍എസ്എസ് പഞ്ചാബ് പ്രാന്ത സഹസംഘചാലകിനെ ജലന്ധര്‍ നഗരമധ്യത്തില്‍ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം. റിട്ട. ബ്രിഗേഡിയര്‍ ജഗദീഷ് ഗഗ്നെജയെയാണ് രണ്ടംഗസംഘം വെടിവെച്ചത്.
വയറ്റില്‍ മൂന്നുവെടിയേറ്റ അദ്ദേഹം ലൂധിയാനയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില അത്യന്തം അപകടാവസ്ഥയിലാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പഞ്ചാബിലെയും ദല്‍ഹിയിലെയും ആര്‍എസ്എസ് കാര്യാലയങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കി.
ശനിയാഴ്ച രാത്രി 8.15ഓടെ ജലന്ധറിലെ ജ്യോതി ചൗക്കില്‍ ഭാര്യയ്‌ക്കും മകള്‍ക്കുമൊപ്പം സാധനങ്ങള്‍ വാങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമിച്ചത്. സമീപത്തെ പട്ടേല്‍ ആശുപത്രിയിലെത്തിച്ചു, പിന്നീട് ലുധിയാനയിലെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്മാറ്റി.
ശസ്ത്രക്രിയയില്‍ വയറ്റില്‍ നിന്ന് രണ്ട് വെടിയുണ്ട നീക്കം ചെയ്തു. ഒന്ന് ഇനിയും നീക്കാനായിട്ടില്ല. ചണ്ഡീഗഢില്‍ നിന്നും ഡോ. യോഗേഷ് ചാവ്‌ലയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഡോക്ടര്‍മാരെ കേന്ദ്രആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ നിര്‍ദ്ദേശ പ്രകാരം ലുധിയാനയിലേക്ക് പോയിട്ടുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ ഉത്തരവു പ്രകാരം എസ്‌ഐടിയുടെ നാലംഗ സംഘം അന്വേഷിക്കും. എഡിജിപി സഹോത, പോലീസ് കമ്മീഷണര്‍ അര്‍പിത് ശുക്ല, ഐജി നീലഭ് കിഷോര്‍, എഐജി അമര്‍ജിത് സിങ് ഭാജ്വ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. കേന്ദ്രആഭ്യന്തരമന്ത്രാലയവും പഞ്ചാബ് സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു.
ഒരുമാസം മുമ്പ് ലുധിയാനയിലെ സംഘശാഖയ്‌ക്ക് സമീപത്ത് വെടിവെയ്‌പ്പ് ഉണ്ടായി. 1980കളില്‍ ഖാലിസ്ഥാന്‍ ഭീകരവാദ പ്രക്ഷോഭകാലത്ത് നിരവധി സംഘ പ്രവര്‍ത്തകര്‍ക്ക് നേരേ സമാനമായആക്രമണം ഉണ്ടായി. അവയുടെ തുടര്‍ച്ചയായാണ് അക്കാലത്ത് ഭീകരവാദം രൂക്ഷമായതും. അതിനാല്‍ തന്നെ സംഭവത്തെ അതീവ ഗൗരവമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണുന്നത്. ഇതിന്റെ ഭാഗമായി പഞ്ചാബിലെയും ദല്‍ഹി, നാഗ്പൂര്‍ കാര്യാലയങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സൈനിക ഉദ്യോഗസ്ഥനായി സ്തുത്യര്‍ഹമായ സേവനം നടത്തിയ ഗഗ്നെയോട് ഏവര്‍ക്കും ബഹുമാനവും സ്‌നേഹവുമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹത്തിനു നേരേ ഉണ്ടായ ആക്രമണം അത്യന്തം ഗൗരവകരമാണെന്നും ആര്‍എസ്എസ് പഞ്ചാബ് പ്രാന്ത പ്രചാര്‍ പ്രമുഖ് രാംഗോപാല്‍ ജന്മഭൂമിയോട് പറഞ്ഞു.
ജഗദീഷ്ജിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ കണ്ടെത്തി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിക്ക് സംഘ നേതൃത്വം നിവേദനം അയച്ചിട്ടുണ്ട്.
വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ സാമൂഹ്യസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് രാജ്യസഭാംഗം ശൈ്വത് മാലിക് പ്രതികരിച്ചു. അക്രമത്തെ കോണ്‍ഗ്രസ് പഞ്ചാബ് പ്രദേശ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍സിങും അപലപിച്ചു.
















