ന്യൂദല്‍ഹി/ഹൈദരാബാദ്: ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങള്‍ക്കാക്രമിക്കണമെങ്കില്‍ എന്നെ ആക്രമിക്കൂ, വെടിവെയ്‌ക്കണമെങ്കില്‍ എനിക്കു നേരേ നിറയൊഴിയ്‌ക്കൂ, എന്റെ ദളിതരായ സഹോദരന്മാരെ വെറുതെ വിടണം, ഹൈദരാബാദില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഗോസംരക്ഷകരെന്ന വ്യാജേന അക്രമങ്ങള്‍ നടത്തുന്നവര്‍ രാജ്യത്തെ വിഭജിക്കാനാണ് പരിശ്രമിക്കുന്നതെന്ന് തെലങ്കാനയിലെ മേഡക് ജില്ലയില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കവെ മോദി മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ദളിത് വിരുദ്ധ അക്രമങ്ങള്‍ക്കെതിരെ അതിശക്തമായ ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ എനിക്കെതിരെ ആവാം, ദളിത സഹോദരരെ വെറുതെ വിടുക. ദളിത് വിഷയങ്ങളില്‍ രാഷ്‌ട്രീയം കളിക്കുന്നവരും അതവസാനിപ്പിക്കണം. ഭാരത സംസ്‌ക്കാരത്തിന്റെ അടിസ്ഥാന സങ്കല്‍പ്പം വസുധൈവ കുടുംബകമാണ്,നാം നമ്മുടെ കടമ നിര്‍വഹിക്കണം, മോദി പറഞ്ഞു.
ദളിത് സഹോദരീ സഹോദരരോട് മോശമായി പ്രവര്‍ത്തിക്കാന്‍ മാത്രം എന്തവകാശമാണ് മറ്റുള്ളവര്‍ക്കുള്ളത്. ജനങ്ങള്‍ക്കിടയിലെ വേര്‍തിരിവുകള്‍ അംഗീകരിക്കാനാവില്ല. അതവസാനിപ്പിച്ചേ മതിയാകൂ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ദളിതരെയും സംരക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുക തന്നെ വേണമെന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രി നല്‍കി.
ഗോസംരക്ഷണ പ്രവര്‍ത്തനത്തിന്റെ മറവില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ കഴിഞ്ഞദിവസം വിമര്‍ശനം നടത്തിയ പ്രധാനമന്ത്രി തെലങ്കാനയിലും അതാവര്‍ത്തിച്ചു.
















