തലശ്ശേരി: ധര്‍മ്മടം, കൂത്തുപറമ്പ്, മട്ടന്നൂര്‍, തലശ്ശേരി എന്നീ പ്രദേശങ്ങളിലെ കെഎസ്ഇബി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി തലശ്ശേരിയില്‍ നിര്‍മ്മിച്ച മിനി വൈദ്യുതിഭവന്റെ ഉദ്ഘാടനച്ചടങ്ങ് സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയിക്കായത് വിവാദമാകുന്നു. ഉദ്ഘാടന പരിപാടിയിലേക്ക് തലശ്ശേരി സ്വദേശിയായ പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപിയെ ക്ഷണിക്കാതിരുന്നതും ആശംസാ പ്രാസംഗികനായി ക്ഷണപത്രത്തില്‍ ഉള്‍പ്പെടുത്തുകയും എന്നാല്‍ അതിന് അനുവദിക്കാതെ സിപിഎം തലശ്ശേരി ഏരിയാ സെക്രട്ടറിയെ മാത്രം അനുവദിച്ചതും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തരംതാണ നിലപാടാണ് വ്യക്തമാക്കിയത്. കൂടാതെ ഉദ്ഘാടനത്തിനായി എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കഴിവുകളെക്കുറിച്ച് സ്വാഗതപ്രാസംഗികന്‍ വിശേഷിപ്പിച്ചതാകട്ടെ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും അനിഷേധ്യനേതാവെന്നാണ്. ഇടതുപക്ഷത്തിന്റെ ഘടകകക്ഷിയായ സിപിഐയെപ്പോലും അപമാനിച്ച പരിപാടിയാണ് ഇന്നലെ തലശ്ശേരിയില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയത്. രാഷ്‌ട്രീയപാര്‍ട്ടി വക്താക്കള്‍ ജനപ്രതിനിധികളായി മന്ത്രിയും എംഎല്‍എയുമൊക്കെയായിക്കഴിഞ്ഞാല്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ജീവിക്കുന്നവരെന്ന നിലയില്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരായല്ല പെരുമാറേണ്ടതെന്ന സാമാന്യമര്യാദ പോലും ഇന്നലെ തലശ്ശേരിയില്‍ നടന്ന പരിപാടിയില്‍ കാറ്റില്‍പ്പറത്തിയതായി ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ് പ്രസ്താവിച്ചു.
















