ശ്രീനഗര്‍: ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍വാനി കൊല്ലപ്പെട്ട് മാസം ഒന്നു പിന്നിടുമ്പോഴും കാശ്്മീര്‍ താഴ്‌വരയിലെ സംഘര്‍ഷത്തിന് അറുതിയായില്ല. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിയുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെടുകയും മുന്നൂറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രക്ഷോഭം ചെനാബ് താഴ്‌വരയില്‍ നിന്ന് പീര്‍ പാന്‍ജല്‍ ഭാഗത്തേക്ക് വ്യാപിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ 29 ദിവസമായി താഴ്‌വരയില്‍ കര്‍ഫ്യൂ നിലവിലുണ്ട്.
കഴിഞ്ഞ മാസം ജൂലൈ അഞ്ചിനായിരുന്നു ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. അന്നു തുടങ്ങിയ കലാപത്തില്‍ ഇതേവരെ 55 പേര്‍ മരിച്ചു. താഴ്‌വരയിലെ സ്‌കൂളുകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോഴും തുറന്നിട്ടില്ല. വ്യവസായ സ്ഥാപനങ്ങളും പൊതുഗതാഗത സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.
അതേസമയം, താഴ്‌വരയിലെ കലാപത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് പാക്കിസ്ഥാനില്‍ ചികിത്സ നല്‍കുമെന്ന പ്രഖ്യാപനവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്തെത്തി. എത്തുന്നവര്‍ക്ക് താമസവും ചികിത്സയും സൗജന്യമെന്നും ഷെരീഫ്.
ബുര്‍ഹാന്‍ വാനിയുടെ അച്ഛന്‍ മുസാഫര്‍ വാനി പ്രക്ഷോഭരംഗത്തെത്തിയത് സയ്യിദ് അലി ഷാ ഗീലാനി, യാസിന്‍ മാലിക്, മിര്‍വൈസ് ഉമര്‍ ഫാറൂഖ് തുടങ്ങിയ വിഘടനവാദി നേതാക്കള്‍ക്ക് തിരിച്ചടിയായി. വെള്ളിയാഴ്ച വിഘടനവാദി ഗ്രൂപ്പ് നടത്തിയ ഹസ്‌റത്ത്ബാലിലേക്കുള്ള ‘ദര്‍ഗ ചലോ’ യ്‌ക്ക് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്.
സുരക്ഷാ സൈനികര്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നേരെ കല്ലേറ് നടത്തരുതെന്ന് അണികളെ മുസഫര്‍ വാനിയും കൂട്ടരും താക്കീത് ചെയ്തിട്ടുണ്ട്. അത് ശക്തമായ പോലീസ് നടപടികള്‍ക്ക് വഴിയൊരുക്കുമെന്നും കൂടുതല്‍പ്പേര്‍ മരിക്കാന്‍ ഇടവരുമെന്നതാണ് കാരണം.
















