ന്യൂദല്‍ഹി: രാജ്യത്തെ ശുചിത്വ നഗരം എന്ന പദവിയ്‌ക്കായി 500 ഓളം നഗരങ്ങളും ടൗണുകളും മത്സരത്തില്‍. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങള്‍ക്കും ടൗണുകള്‍ക്കും ശുചിത്വത്തിന്റെയടിസ്ഥാനത്തില്‍ റാങ്ക് നല്‍കുന്നത്. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളും പൈതൃക കേന്ദ്രങ്ങളും ഇതില്‍ ഉള്‍പ്പെടും. ഇതിനായുള്ള മൂല്യനിര്‍ണ്ണയം രാജ്യമുഴുവനുമുള്ള ഗ്രാമങ്ങളില്‍ ആരംഭിച്ച് കഴിഞ്ഞു.
കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സ്വച്ഛ് സര്‍വീക്ഷണ്‍ (ശുചിത്വ സര്‍വ്വേ) കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. ഈ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ 2017 ജനുവരിയില്‍ റാങ്കിങ് നിശ്ചയിക്കുക. രാജ്യത്തെ 70 ശതമാനത്തോളം നഗരമേഖലകളില്‍ സര്‍വ്വേ നടത്തുകയും ശുചിത്വത്തിന്റെ അവസ്ഥയെന്താണെന്ന് സര്‍ക്കാരിന് മനസ്സിലാക്കുവാന്‍ സാധിക്കുകയും ചെയ്യുമെന്ന് നഗരവികസനമന്ത്രി എം. വെങ്കയ്യ നായിഡു പറഞ്ഞു.
ഇത് മൂന്നാം തവണയാണ് നഗരവികസന മന്ത്രാലയം ഇത്തരത്തില്‍ സര്‍വ്വേ നടത്തുന്നത്.
നഗരസഭകള്‍ സ്വാഭാവികമായും നല്ല റിപ്പോര്‍ട്ടുകളായിരിക്കും നല്‍കുക. എന്നാല്‍ ജനങ്ങളുടെ പ്രതികരണവും നിക്ഷ്പക്ഷരായ മൂന്നാം കക്ഷികളുടെയൂം അഭിപ്രായങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനങ്ങള്‍.
നഗരമേഖലകളിലെ ജനങ്ങളെ ഇതില്‍ പങ്കാളികളാക്കുന്നതിനായി സ്വച്ഛതാ ആപ്പും ‘സ്വച്ഛതാ ഹെല്‍പ്പ് ലൈന്‍ 1969’ എന്നിവ ഒരുക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് പദ്ധതിയുമായി സഹകരിക്കുന്നതിന് ഇതിലൂടെ അവസരമൊരുക്കും.
കുടിവെള്ളത്തിന്റെയും ശുചിത്വത്തിന്റെയും നിലവാരം മനസ്സിലാക്കി സ്വച്ച് ഭാരത് ആപ്പിലൂടെ തങ്ങളുടെ ഗ്രാമങ്ങളുടെ റാങ്ക് നിശ്ചയിക്കാനാവും. 2015ല്‍ 423 നഗരങ്ങളുടെ റാങ്കിങ് നടത്തിയിരുന്നു. ഇതില്‍ 73 നഗരങ്ങള്‍ പത്ത് ലക്ഷം ജനസംഖ്യയില്‍ കൂടുതലുള്ളതാണ്.
















