ജയ്‌പൂര്‍: രാജസ്ഥാനില്‍ ഗോശാലയിലെ ജീവനക്കാര്‍ പണിമുടക്കിയതിനെതുടര്‍ന്ന് 500 പശുക്കള്‍ പട്ടിണികിടന്നു ചത്ത സംഭവത്തില്‍ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി വസുന്ധര രാജെ ഉത്തരവിട്ടു
ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ട് ജയ്‌പൂരിലെ ഹിംഗോനിയയിലെ ഗോശാലയില്‍ 200ഓളം ജീവനക്കാര്‍ പണിമുടക്കിയതോടെയാണ് രണ്ടാഴ്ചയ്‌ക്കിടെ 500 പശുക്കള്‍ ചത്തത്. ജയ്‌പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും തൊഴിലാളികളെ എത്തിച്ച കരാര്‍ കമ്പനിയും തമ്മിലുള്ള തര്‍ക്കമാണ് തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങാന്‍ കാരണം.
ജോലിയില്‍ വീഴ്ച വരുത്തിയ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടു. ഗോശാല സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി വസുന്ധരെ രാജെ ട്വീറ്റ് ചെയ്തു.
8,000 ലേറെ പശുക്കളാണ് ഗോശാലാലയില്‍ ഉണ്ടായിരുന്നത്. ഭക്ഷണം കിട്ടാതെയും തൊഴുത്തിലെ ചാണകക്കുഴില്‍ ആണ്ട് പോയുമാണ് പശുക്കള്‍ ചത്തത്. വര്‍ഷം തോറും 20 കോടി രൂപയാണ് ഗോസംരക്ഷണത്തിനായി രാജസ്ഥാന്‍ സര്‍ക്കാര്‍ മാറ്റിവയ്‌ക്കുന്നത്. സംഭവത്തില്‍ സര്‍ക്കാരിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ ഗോരക്ഷാപ്രവര്‍ത്തകര്‍ എന്ന പേരില്‍ അക്രമം നടത്തുന്നവര്‍ സാമുഹ്യവിരുദ്ധരാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് പിന്നാലെ രാജ്യത്ത് അറവുശാലകള്‍ നിരോധിക്കണമെന്ന് ഗോരാക്ഷാ ദള്‍ ആവശ്യപ്പെട്ടു. ഗോവധത്തിനുള്ള ശിക്ഷ കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഗോരക്ഷാദള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.
















