ന്യൂദല്‍ഹി: ഗോരക്ഷാ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ചില സാമൂഹ്യവിരുദ്ധര്‍ അതിക്രമങ്ങള്‍ നടത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരക്കാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ വെബ് പോര്‍ട്ടലായ മൈ ഗവ്’ന്റെ രണ്ടാം വാര്‍ഷികം ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
ഗോരക്ഷയുടെ പേരില്‍ കച്ചവടം നടത്തുന്നവരെ കാണുമ്പോള്‍ വളരെയേറെ ദേഷ്യം വരുന്നു. രാത്രിയില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ചിലര്‍ രാവിലെ ഗോരക്ഷകരായി രംഗത്തെത്തുകയാണ്. ഗോസംരക്ഷണത്തിന്റെ പേരില്‍ അവര്‍ കടകള്‍ തുറന്നുവെയ്ക്കുന്നു. ഇത്തരം സംഭവങ്ങളെപ്പറ്റി സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സാമൂഹ്യവിരുദ്ധര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറച്ചുപിടിക്കുന്നതിനായി ഗോസംരക്ഷണത്തിന്റെ മുഖംമൂടി അണിയുകയാണ്. ഇത്തരക്കാരെ അംഗീകരിക്കാനാവില്ല. യഥാര്‍ത്ഥത്തില്‍ ഗോസംരക്ഷണം ആഗ്രഹിക്കുന്നവര്‍ റോഡുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും പശുക്കള്‍ കഴിക്കുന്നത് ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.
പ്ലാസ്റ്റിക് തിന്ന് മരിച്ച പശുവിന്റെ വയറ്റില്‍ നിന്നും കിലോക്കണക്കിന് പ്ലാസ്റ്റിക് കണ്ട ഗുജറാത്തിലെ അനുഭവം മോദി സദസ്സില്‍ വിവരിച്ചു.
ഗോവധത്തേക്കാള്‍ അധികം പശുക്കള്‍ പ്ലാസ്റ്റിക് തിന്നാണ് മരിക്കുന്നത്. ഗോസംരക്ഷകരെന്ന് പറഞ്ഞു നടക്കുന്നവര്‍ ആളുകള്‍ പ്ലാസ്റ്റിക്കുകള്‍ റോഡുകളിലേക്ക് വലിച്ചെറിയുന്നത് തടയാനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് വേണ്ടത്. ഏറ്റവും വലിയ ഗോസംരക്ഷണമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സദ്ഭരണത്തിന്റെ ഏറ്റവും മികച്ച അടയാളമെന്നത് ഉത്തരവാദിത്വമാണ്. സാങ്കേതിക വിദ്യയും സദ്ഭരണവും കൃഷിക്കാരെയും കാര്‍ഷിക മേഖലയെയുമാണ് പ്രധാനമായും സഹായിക്കുക. ജമാധിപത്യത്തിലെ ഏറ്റവും ശക്തമായ ഘടനം എന്നത് ജനങ്ങളുടെ ആവലാതികള്‍ പരിഹരിക്കാന്‍ സാധിക്കുക എന്നതാണെന്നും മോദി പറഞ്ഞു.
കോടികള്‍ മുടക്കി പരസ്യം നല്‍കുന്നത് വാക്സിനേഷന് കേന്ദ്രസര്‍ക്കാര്‍ അത്രയധികം പ്രാധാന്യം നല്കുന്നതുകൊണ്ടാണ്. എന്നാല്‍ ഇത്രയധികം ചെയ്തിട്ടും നിരവധി കുട്ടികള്ക്ക്് വാക്സിനേഷനുകള്‍ നല്‍കുന്നില്ല. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്രആരോഗ്യമന്ത്രാലയം ഓരോ വീടുകളും കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക മാത്രമല്ല ആരോഗ്യം ഉറപ്പുവരുത്തുക കൂടി കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.















