ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാസൈന്യം കൊന്നതിന്റെ പേരില്‍ ജമ്മുകശ്മീരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഇന്നലെ സംഘര്‍ഷത്തില്‍ മൂന്നു പേര് കൂടി കൊല്ലപ്പെട്ടു. ഇതോടെ കലാപത്തില്‍ മരിച്ചവരുടെയെണ്ണം 53 ആയി. സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം 150 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബുദ്ദാം ജില്ലയിലെ മൊഹമ്മദ് മഖ്ബൂല്‍, സഹൂര്‍ അഹമ്മദ്, ബാരമുള്ള ജില്ലയിലെ ഡാനിഷ് അഹമ്മദ് എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. വാനി കൊല്ലപ്പെട്ടതിനുശേഷം സംസ്ഥാനത്ത് ഒരു മാസമായി നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ കണ്ണീര് വാതകവും പെല്ലറ്റും ഉപയോഗിച്ചാണ് കലാപകാരികളെ പിരിച്ചുവിട്ടത്. 20ഓളം പോലീസുകാര്‍ക്കും, സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ പോലീസ് സ്റ്റേഷനു നേരെ കല്ലെറിയുകയും പൊതുമുതല്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇതിനെ തുടര്‍ന്ന് സംഘര്‍ഷ ബാധിത സ്ഥലങ്ങളില്‍ പൊലീസിനേയും സമാന്തര സൈനിക വിഭാഗങ്ങളേയും വിന്യസിച്ചിരിക്കുകയാണ്. അതിനിടെ ഖാന് സാഹിബ് എന്ന ഹക്കീം മൊഹമ്മദ് യാസിന് എംഎല്‍എയുടെ വീട്ടിനു നേരെ കലാപകാരികള്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.















