കുട്ടനാട്: പുന്നമടയില്‍ ഇത്തവണ തങ്ങളുടെ കൈക്കരുത്ത് തെളിയിക്കാന്‍ തന്നെയാണ് കാസര്‍കോഡ് നിന്നുള്ള തുഴച്ചിലുകാരുടെ ഉറച്ച തീരുമാനം. കഴിഞ്ഞ മൂലം ജലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയ നടുഭാഗം പുത്തന്‍ചുണ്ടനിലാണ് കാസര്‍കോഡ് നീലേശ്വരത്തെ തേജസ്വനി പുഴയില്‍ തുഴയെറിഞ്ഞ ഇവര്‍ ഇത്തവണ നെഹ്‌റുട്രോഫിയില്‍ മാറ്റുരയ്‌ക്കുന്നത്.
എടത്വ വില്ലേജ് ബോട്ടുകഌബ് തുഴയുന്ന വള്ളത്തിലെ ഭൂരിഭാഗം തുഴച്ചില്‍ക്കാരും നീലേശ്വരത്തെ ചെറിയ ബോട്ടുകഌബുകളില്‍ നിന്നുമെത്തിയവരാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സമയത്തിന്റെ അടിസ്ഥാനത്തില്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുപ്പിക്കൂ എന്ന നിബന്ധനയെത്തുടര്‍ന്ന് രാവിലെയും വൈകിട്ടുമായി കഠിനമായ പരിശീലനമാണ് ചങ്ങംകരി ആറ്റില്‍ നടത്തുന്നത്.
1952ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്നും ട്രോഫി വാങ്ങിയശേഷം പിന്നീട് ഇന്നുവരെ നെഹ്‌റുട്രോഫിയില്‍ മുത്തമിടാന്‍ നടുഭാഗം ചുണ്ടന് കഴിഞ്ഞിട്ടില്ല. പലതവണ ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഏറ്റവും നീളം കൂടിയ ചുണ്ടന്‍, കുറഞ്ഞ സമയത്തിന് ഫിനിഷ് ചെയ്ത ചുണ്ടന്‍ എന്നീ ഖ്യാതികള്‍ പഴയനടുഭാഗം ചുണ്ടനുണ്ടായിരുന്നു.
കഌബ് പ്രസിഡന്റ് കെ.ആര്‍. ഗോപകുമാറും സെക്രട്ടറി ബെറ്റി ജോസഫും നേതൃത്വം നല്‍കുന്നു. കെ.സി. ലാല്‍ ആണ് ക്യാപ്റ്റന്‍. 87 തുഴച്ചില്‍ക്കാരും ഒമ്പത് നിലക്കാരും അഞ്ച് അമരക്കാരുമാണ് ചുണ്ടനില്‍ കയറുന്നത്.















