ശ്രീനഗര്‍: കശ്മീരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ വെടിവയ്‌പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. കശ്മീര്‍ താഴ്‌വരയില്‍ വിവിധഭാഗങ്ങളിലായാണ് ഇന്നലെ ആക്രമണം പൊട്ടിപ്പുറപ്പെട്ടത്.
ചന്ദൂര, ഖാന്‍ സാഹിബ് ഏരിയ, സോപൂര്‍ എന്നിവിടങ്ങളിലാണ് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ മരിച്ചത്.
സംഘര്‍ഷത്തെ തുടര്‍ന്ന് കശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യു തുടരുന്നു. ശ്രീനഗറിലെ റെയ്‌നവാരി, നൗഹാത്ത, ഖാന്‍യര്‍, സഫകഡല്‍, മഹാരാജ്ഗുഞ്ജ്, ബതാമലോ എന്നിവിടങ്ങളിലും ബുദ്ഗാം ജില്ലയിലെ നാലു നഗരങ്ങളിലുമാണ് കര്‍ഫ്യു പ്രഖ്യാപിച്ചത്.
നാല് പേരില്‍ കൂടുതല്‍ സംഘടിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് താഴ്‌വരയില്‍
എല്ലായിടത്തും നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് കര്‍ഫ്യൂ വ്യാപിപ്പിച്ചത്. കഴിഞ്ഞ നാലാഴ്ചയായി പ്രദേശത്തു തുടരുന്ന കലാപങ്ങളില്‍ 54 പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് കശ്മീരില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. കശ്മീര്‍ വിഘടനവാദി നേതാക്കളും, പാകിസ്ഥാനും ഈ കലാപത്തിന് പിന്നില്‍ നിന്നു പിന്തുണ ചെയ്യുന്നതായി സൂചനകളുണ്ടായിരുന്നു.
















