ന്യൂദല്‍ഹി: അയല്‍ക്കാര്‍ പാഠം പഠിക്കാത്തവരാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. പ്രധാനമന്ത്രിമാരെല്ലാം പാക്കിസ്ഥാനുമായുള്ള ബന്ധം സജീവമാക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും അവര്‍ ഒരിക്കലും അതിന് തയ്യാറായിട്ടില്ലെന്നും രാജ്‌നാഥ്‌സിങ് പാര്‍ലമെന്റില്‍ പറഞ്ഞു. ഇസ്ലാമാബാദ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ രാജ്‌നാഥ്‌സിങ് യാത്ര സംബന്ധിച്ച വിവരങ്ങള്‍ സഭയെ അറിയിച്ചു. ഇസ്ലമാബാദില്‍ രാജ്‌നാഥ്‌സിങ് സ്വീകരിച്ച ധീരമായ സമീപനത്തെ പാര്‍ലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങള്‍ അഭിനന്ദിച്ചു.
ഭീകരതക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് സാര്‍ക്ക് സമ്മേളനത്തില്‍ ഭാരതം ആവശ്യപ്പെട്ടെന്ന് രാജ്‌നാഥ്‌സിങ് പറഞ്ഞു. ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ആവശ്യമാണ്. മനുഷ്യാവകാശങ്ങളുടെ ഏറ്റവും വലിയ ലംഘകരാണ് പാക്കിസ്ഥാന്‍. ദൈവം പാക്കിസ്ഥാന് നല്ലബുദ്ധി തോന്നിക്കട്ടെ. പാക്കിസ്ഥാനോടുള്ള സമീപനത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണെങ്കില്‍ എല്ലാവരേയും വിശ്വാസത്തിലെടുത്ത് തീരുമാനമുണ്ടാകും.
സാര്‍ക്ക് സമ്മേളനത്തില്‍ തന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ഭാരതത്തില്‍ നിന്നുള്ള മാധ്യമങ്ങളെ പാക്കിസ്ഥാന്‍ അനുവദിച്ചില്ല. സമ്മേളനത്തിന് ശേഷം വിരുന്നിനു ക്ഷണിച്ച പാക് ആഭ്യന്തരമന്ത്രി സ്ഥലം വിട്ടു. അവിടെ ഭക്ഷണം കഴിക്കാനല്ല പോയത് എന്നതിനാല്‍ തന്നെ വിരുന്നില്‍ പങ്കെടുത്തില്ല. ഇസ്ലാമാബാദില്‍ തനിക്കെതിരെ പ്രകടനങ്ങള്‍ നടന്നെങ്കിലും അത്തരം കാര്യങ്ങളിലൊന്നും ആശങ്കകളുണ്ടായിരുന്നില്ല.
സുഹൃത്തുക്കളെ മാറ്റാം, എന്നാല്‍ അയല്‍ക്കാരെ മാറ്റാനാവില്ലെന്ന നിലപാടിലാണ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടു നയിച്ചത്. മന്‍മോഹന്‍സിങും നരേന്ദ്രമോദിയും പാക് ബന്ധങ്ങള്‍ ശക്തമാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഭാരതവുമായി സഹകരിക്കാന്‍ പാക്കിസ്ഥാന് താല്‍പ്പര്യമില്ല. ഭീകരപ്രവര്‍ത്തനമാണ് മനുഷ്യാവകാശങ്ങളുടെ പ്രധാന ശത്രു എന്ന കാഴ്ചപ്പാടാണ് ഭാരതത്തിനുള്ളതെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.
















