അഹമ്മദാബാദ്: ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയ് രുപാനി ചുമതലയേല്‍ക്കും. ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനത്ത് നടന്ന എംഎല്‍എമാരുടെ യോഗമാണ് വിജയ് രുപാനിയെ ആനന്ദിബെന്‍ പട്ടേലിനു പകരക്കാരനായി തെരഞ്ഞെടുത്തത്. നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാകും.
യോഗത്തില്‍ അമിത് ഷായുടെ പിന്തുണയാണ് രുപാനിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാൻ കാരണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ് രുപാനി. ആര്‍എസ്എസ് പശ്ചാത്തലവും രൂപാനിക്ക് അനുകൂല ഘടകമായി.
തിങ്കളാഴ്ചയാണ് ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചത്. തനിക്ക് 75 വയസായെന്നും യുവനേതാക്കള്‍ക്കായി സ്ഥാനമൊഴിയുകയാണെന്നുമാണു രാജിസന്നദ്ധത അറിയിച്ചുകൊണ്ട് ആനന്ദിബെന്‍ പറഞ്ഞത്.















