കണ്ണൂര്‍: ചിന്മയാനന്ദമിഷന്റെ ആഭിമുഖ്യത്തില്‍ സ്വാമി ചിന്മയാനന്ദജിയുടെ സമാധിദിനം മിഷന്റെ വിവിധ വിദ്യാലയങ്ങളില്‍ ആചരിച്ചു. കണ്ണൂര്‍ മിഷന്‍ ആചാര്യ സ്വാമിനി അപൂര്‍വ്വാനന്ദയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ചിന്മയ അഷ്‌ടോത്തരാര്‍ച്ചനയോടെ ആരംഭിച്ചു. വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച സമ്പൂര്‍ണ്ണ ഗീതാപാരായണവും നടന്നു. 11-ാം തരത്തിലെ കൃഷ്ണ സുരേഷ് വരച്ച സ്വാമിജിയുടെ ചിത്രം കണ്ണൂര്‍ മിഷന്‍ ചീഫ് സേവക് കെ.കെ.രാജന്‍ അനാച്ഛാദനം ചെയ്തു. സ്വാമിജിയുടെ ജന്മശതാബ്ദി വര്‍ഷത്തിലെ സ്‌കൂള്‍ മാഗസിന്റെ പ്രകാശന കര്‍മ്മവും ചടങ്ങില്‍ നടന്നു. സ്വാമിജിയുടെ സമാധിദിനം സേവാദിനമായിട്ടാണ് കുട്ടികള്‍ ആചരിച്ചത്. വിദ്യാലയത്തിലെ സേവാവിദ്യാര്‍ത്ഥികള്‍ ബാലികാസദനത്തിലെ കുട്ടികള്‍ക്ക് അന്നദാനം നടത്തി. സമൂഹത്തിലെ അര്‍ഹരായവര്‍ക്ക് വസ്ത്രം, മരുന്ന്, അരി, പയര്‍, പഠനോപകരങ്ങള്‍ എന്നിവ നല്‍കാനും തീരുമാനിച്ചു. സമാധിദിനത്തോടനുബന്ധിച്ച് സ്വാമിജിയുടെ ജീവിത ചരിത്രം പറയുന്ന ഓള്‍ എ ക്വസ്റ്റ് എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.
















