ന്യൂദല്‍ഹി: തന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനം സമ്പൂര്‍ണ്ണ വിജയകരമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്. ഞാന്‍ പാക്കിസ്ഥാനില്‍ പോയത് ഭക്ഷണം കഴിക്കാനല്ല, അവരുടെ തീവ്രവാദാനുകൂല നിലപാടിനെതിരെ സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയില്‍ ശക്തമായ വികാരം ഉണ്ടാക്കാന്‍ ഭാരതത്തിന് സാധിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. തന്റെ പാക് സന്ദര്‍ശനത്തെക്കുറിച്ച് പാര്‍ലമെന്റില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.
കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷിയായി ചിത്രീകരിച്ച പാക്കിസ്ഥാന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം സാര്‍ക്ക് സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. ഭീകരവാദികളെ ഒരു കാലത്തും ഭാരതം മഹത്വവത്ക്കരിയ്‌ക്കുന്നതല്ല. സംയമനത്തോടെയുള്ള ഭാരതത്തിന്റെ നിലപാടിനെ ബലഹീനതയായി കാണുകയാണ് പാക്കിസ്ഥാന്‍. എന്നാല്‍ തീവ്രവാദത്തിനെതിരെയുള്ള ഭാരതത്തിന്റെ ചിന്തയും പ്രവര്‍ത്തിയും പ്രതികരണവും ശക്തമായിരിയ്‌ക്കും എന്ന സന്ദേശം സാര്‍ക്ക് സമ്മേളനത്തില്‍ നല്‍കിയെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
തന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ മാദ്ധ്യമങ്ങളെ അനുവദിയ്‌ക്കാത്ത പാക് നിലപാടിലെ ശരി തെറ്റുകള്‍ വിലയിരുത്തേണ്ടത് അന്താരാഷ്‌ട്ര സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു. ദൂരദര്‍ശന്‍, വാര്‍ത്ത ഏജന്‍സികളായ പി.ടി.ഐ, എ.എന്‍.ഐ എന്നിവയുടെ ലേഖകരെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും പാകിസ്ഥാന്‍ വിലക്കി. പാക്കിസ്ഥാന്റെ ഔദ്യോഗിക ടെലിവിഷനന്‍ ചാനലായ പി.ടി.വി പ്രസംഗം സംപ്രേഷണം ചെയ്യാതിരുന്നതിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. കഴിഞ്ഞ കാലങ്ങളിലെ പ്രോട്ടോകോള്‍ പരിശോധിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
സാര്‍ക് ഉച്ചകോടിയിലെ പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാക് ആഭ്യന്തര മന്ത്രി ഉച്ച വിരുന്നിന് ക്ഷണിച്ചിരുന്നു. എന്നാല്‍ യോഗം കഴിഞ്ഞയുടന്‍ പാക് മന്ത്രി സ്വന്തം കാറില്‍ സ്ഥലം വിടുകയായിരുന്നു. എനിക്ക് ഇതില്‍ പരാതിയില്ല. കാരണം ഞാന്‍ പാക്കിസ്ഥാനില്‍ പോയത് ഭക്ഷണം കഴിക്കാനല്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
















