ലക്‌നൗ: ബുലന്ദ്ഷഹര്‍ കൂട്ടമാനഭംഗത്തിന് ഇരയായവരുടെ കൂടുംബത്തിന് മൂന്ന് ലക്ഷം രൂപയും ഫ്‌ളാറ്റും നഷ്ടപരിഹാരമായി നല്‍കും. യുപി സര്‍ക്കാരാണ് ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്.
ബുലന്ദ്ഷഹര്‍ കൂട്ടമാനഭംഗത്തെ തുടര്‍ന്ന് അഖിലേഷ് സര്‍ക്കാരിന്റെ ഭരണത്തിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം നല്‍കി മുഖം രക്ഷിക്കാന്‍ യുപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഖിലേഷ് സര്‍ക്കാര്‍ രാഷ്‌ട്രീയം കളിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. പതിനാല് ദിവസത്തേയ്‌ക്ക് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. എന്നാല്‍ അക്രമി സംഘത്തിലെ നേതാവ് സലീം ബവാരിയ ഉള്‍പ്പടെയുള്ളവരെ പോലീസ് ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.
ദല്‍ഹി-കാണ്‍പുര്‍ ദേശീയപാത 91-ല്‍ വെള്ളിയാഴ്ച രാത്രി 1.30 നാണ് നോയിഡയില്‍ നിന്ന് ഷാജഹാന്‍പുരിലേക്ക് പോവുകയായിരുന്ന അമ്മയേയും മകളേയും അജ്ഞാതര്‍ കൂട്ടമാനഭംഗം ചെയ്തത്. ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമായിരുന്നു അക്രമികളുടെ ക്രൂരത.
















