താനെ: മഹാരാഷ്‌ട്രയിലെ റായ്ഗഡില്‍ കനത്ത മഴയില്‍ സാവിത്രി നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു. 29 പേരെ കാണാതായെന്നാണ് അനൗദ്യോഗിക കണക്ക്. രണ്ടു ബസ്സുകള്‍ ഉള്‍പ്പെടെ 20ഓളം വാഹനങ്ങള്‍ പാലം തകര്‍ന്നതറിയാതെ ഓടിച്ച് നദിയില്‍ വീണിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അഞ്ചു മൃതദേഹങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവര്‍ ഒഴുകി കടലില്‍ പോയിട്ടുണ്ടാകുമെന്നും സംശയമുണ്ട്. പ്രതികൂല കാലാവസ്ഥയും നദിയുടെ ആഴക്കൂടുതലും തെരച്ചിലിന് തടസ്സമാവുന്നുണ്ട്. മഴ ശമിച്ചിട്ടില്ലാത്തതിനാല്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ബോട്ട് തെരച്ചില്‍ മതിയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.















