ചെന്നൈ: ബന്ദായാലും ഹര്‍ത്താലായാലും ജനങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. തമിഴ്‌നാട് സര്‍ക്കാരിനെ ഇക്കാര്യം ഓര്‍മ്മപ്പെടുത്തുകയാണ് മദ്രാസ് ഹൈക്കോടതി. ബന്ദ് ദിനത്തില്‍ കാഴ്ച നഷ്ടപ്പട്ട വ്യക്തിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു കൊണ്ടായിരുന്നു ഈ ഓര്‍മ്മപ്പെടുത്തല്‍.
ഡിഎംകെ നേതാവ് കരുണാനിധിയെ അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് 2001ല്‍ നടന്ന ബന്ദാണ് സംഭവത്തിന് ആധാരം. മധുരൈ സ്വദേശി കൃഷ്ണസ്വാമിയാണ് പരാതിക്കാരന്‍.മധുരയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് അവധിദിനം ആഘോഷിക്കാനുളള യാത്രയിലായിരുന്നു കൃഷ്ണ സ്വാമി. ബന്ദാണെങ്കിലും ബസ് സര്‍വ്വീസ് ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയത് സര്‍ക്കാര്‍.
ബസിനു നേരെയുണ്ടായ കല്ലേറില്‍ ചില്ല് തറച്ചു കയറി കൃഷ്ണസ്വാമിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ബസ് സര്‍വ്വീസ് ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയ സര്‍ക്കാര്‍ അത് കാര്യക്ഷമമായി നടപ്പാക്കണം. നീതിയും നിയമവും ഉറപ്പുവരുത്തണം. കോടതിക്കതില്‍ വിട്ടുവീഴ്ചയില്ല.















