ലക്നൗ: ഐപിഎസ് ഓഫീസറാകാനാണ് താൻ ഇപ്പോൾ ആഗ്രഹിക്കുന്നതെന്ന് ബുലന്ദ്ഷഹറിൽ കൂട്ടമാനഭംഗത്തിനിരയായ 14കാരി പെൺകുട്ടി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം കൗണ്‍സിലിംഗിന് ഹാജരായപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങൾ നേരിട്ട കൊടും പീഡനത്തിന്റെ ഞെട്ടൽ വിട്ടു മാറുന്നതിന് മുൻപ് ഉത്തർപ്രദേശ് മന്ത്രി അസം ഖാന്റെ പ്രസ്താവന ഏറെ വേദനിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. സംഭവം രാഷ്‌ട്രീയവല്‍ക്കരിക്കുന്നതും തങ്ങളില്‍ നിന്നും പ്രസ്താവനകള്‍ വാങ്ങി വലിയ വാര്‍ത്തയാക്കുന്നതും ഏറെ ബുദ്ധിമുട്ടിക്കുകയാണെന്ന് വ്യക്തമാക്കിയ ഇവര്‍ ഇത്തരം പബ്‌ളിസിറ്റികള്‍ അവസാനിപ്പിച്ച് തങ്ങള്‍ക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടതെന്ന് വ്യക്തമാക്കി.
തങ്ങളെ പരിശോധിച്ച ഡോക്ടറുടെ പെരുമാറ്റവും മോശമായിരുന്നു. അനാവശ്യമായ ചോദ്യങ്ങളാണ് ചോദിച്ചതെന്നും 35കാരിയായ സ്ത്രീ പറഞ്ഞു. തങ്ങളെയും കുടുംബത്തെയും പിന്തുണയ്‌ക്കുന്നു എന്ന് പറയുന്നവരുടെ വാക്കുകള്‍ പ്രവര്‍ത്തിയില്‍ എത്തിയാല്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ എന്ന് പെണ്‍കുട്ടിക്കൊപ്പം ബലാത്സംഗത്തിനിരയായ മാതാവ് പറഞ്ഞു. എല്ലാവരും ഇതെല്ലാം പറഞ്ഞതിന് ശേഷം പതിയെ പോകും. എന്നാല്‍ തങ്ങള്‍ക്ക് വേണ്ടത് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് സ്ത്രീ തുറന്നടിച്ചു.
പോലീസുകാരുടെ സംരക്ഷണയില്‍ ആയിരിക്കുന്ന ഗസിയാബാദ് കോളനിയിലെ ഇവരുടെ വീട്ടിലേക്ക് ഏതാനും ചിലരെ മാത്രമാണ് കയറ്റി വിടുന്നത്. ദല്‍ഹി-കാണ്‍പുര്‍ ദേശീയപാത 91-ല്‍ വെള്ളിയാഴ്ച രാത്രി 1.30 നാണ് നോയിഡയില്‍ നിന്ന് ഷാജഹാന്‍പുരിലേക്ക് പോവുകയായിരുന്ന അമ്മയേയും മകളേയും അജ്ഞാതര്‍ കൂട്ടമാനഭംഗം ചെയ്തത്. ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമായിരുന്നു ഇത്. കേസുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.















