ലക്നൗ: ഉത്തർപ്രദേശിൽ ബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾക്ക് വൻ പ്രചാരണമെന്ന് റിപ്പോർട്ട്. 50 രൂപ മുതൽ 150 രൂപയ്‌ക്ക് വരെ പീഡന ദൃശ്യങ്ങൾ വിൽക്കപ്പെടുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാനത്ത് അനുദിനം വർധിച്ച് വരുന്ന പീഡന സംഭവങ്ങളിൽ ഏറിയ പങ്കും അക്രമികൾ ഇരകളുടെ നഗ്ന ചിത്രങ്ങളും പീഡിപ്പിക്കുന്നതിന്റെ വീഡിയോയും മൊബൈൽ ഫോണുകളിൽ പകർത്തുന്നുണ്ട്. ഇരയെ ഭീഷണിപ്പെടുത്താൻ വേണ്ടി എടുക്കുന്ന ചിത്രങ്ങൾ ഇവർ ഇന്റനെറ്റിൽ അപ്‌ലോഡ് ചെയ്യുകയും പല മൊബൈൽ ഷോപ്പ് കച്ചവടക്കാർ ഇത് തിരഞ്ഞെടുത്ത് വിൽക്കുകയുമാണ് ചെയ്യുന്നതെന്ന് ആഗ്ര പോലീസ് സൂപ്രണ്ട് പറഞ്ഞു.
അടുത്തിടെ ആഗ്രയിലെ ഒരു കടയുടമയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. നീലച്ചിത്രങ്ങൾ അഭിനയം മാത്രമാണെന്നും യഥർത്ഥമായി നടക്കുന്ന ബലാത്സംഗങ്ങളാണ് എല്ലാവർക്കുമിഷ്ടമെന്നും കടയുടമ പറയുന്നു. വിശ്വാസ്തരായവരോടൊപ്പം എത്തുന്നവർക്ക് മാത്രമെ പെൻഡ്രൈവിലോ മൊബൈൽ ഫോണിലോ കടക്കാർ വീഡിയോ നൽകുകയെയുള്ളു.
പോലീസ്, ഭരണകൂട ആസ്ഥാനങ്ങളുടെ സമീപപ്രദേശങ്ങളിൽ വരെ ഈ കച്ചവടം പൊടിപൊടിക്കുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. താജ്ഗഞ്ച്, സദാർ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയതായും വീഡിയോകൾ പിടിച്ചെടുത്തതായും ആഗ്ര പോലീസ് സൂപ്രണ്ട് അറിയിച്ചു.















