പത്തനാപുരം: പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ നടുക്കുന്ന് ഹോമിയോ ആശുപത്രിക്ക് സമീപത്തായാണ് വലിയ കുഴി അപകടകരമായ സ്ഥിതിയിലുള്ളത്. സമീപത്തെ സ്‌കൂളിലേക്ക് വെള്ളം എത്തിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് റോഡിന്റെ വശം ജെസിബി ഉപയോഗിച്ച് വെട്ടിക്കുഴിച്ചത്. ഇതിനിടെ ടെലിഫോണ്‍ കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ആദ്യം അറ്റകുറ്റപ്പണികള്‍ ചെയ്ത് കുഴി മൂടിയെങ്കിലും പിന്നീട് വീണ്ടും കുഴിക്കുകകയായിരുന്നു. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പ്രധാന പാതയുടെ വശമാണ്. യാതൊരു മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കാതെയാണ് വലിയ കുഴി എടുത്തിരിക്കുന്നത്. രാത്രിയും പകലുമായി ഇരുചക്രവാഹനയാത്രികരടക്കം നിരവധിപ്പേരാണ് അപകടത്തില്‍പ്പെടുന്നത്. രാത്രിയിലാണ് ഏറെയും അപകടം ഉണ്ടാകുന്നത്.
ഹോമിയോ ആശുപത്രി, വിവിധ ദേവാലയങ്ങള്‍, സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് എത്തുന്നവരും പോകുന്നവരും ഇതിനു സമീപത്തെ ബസ് സ്റ്റോപ്പിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ വലിയ കുഴി കാരണം ബസ് അടക്കമുള്ള വാഹനങ്ങള്‍ ഇവിടെ നിര്‍ത്താറില്ല. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാകുന്നു. അറ്റകുറ്റപ്പണികള്‍ നടത്തിയ റോഡും വെട്ടിമുറിച്ച സ്ഥിതിയിലാണ്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് മുന്‍പായി ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ നടത്താമെന്നിരിക്കെ റോഡുപണി നടത്തിയശേഷമാണ് മിക്കപ്പോഴും വിവിധ വകുപ്പുകളുടെ പണികള്‍ നടത്തി റോഡിന്റെ വശങ്ങള്‍ വെട്ടിപ്പൊളിച്ചും കുഴിയെടുത്തും പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്.
















