വിമാനത്തിലെ തീയണയ്‌ക്കാന്‍ ശ്രമിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍
ദുബായ്: തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. തുടര്‍ന്ന് തീപ്പിടിച്ചെങ്കിലും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത യുഎഇ പൗരനായ ജാസിം ഇസ പൊള്ളലേറ്റ് മരിച്ചു.ബാഗേജുകള്‍ കത്തിനശിച്ചു.
226 ഭാരതീയരുള്‍പ്പെടെ 286 യാത്രക്കാരും 12 ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഭാരതീയരില്‍ ഭൂരിഭാഗവും മലയാളികള്‍. ബോയിങ് 777 വിഭാഗത്തില്‍പ്പെട്ട ഇകെ 521 വിമാനമാണ് ദുരന്തത്തിനിരയായത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
രാവിലെ പ്രാദേശിക സമയം 12.45നാണ് അപകടം. 10.19ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഇടിച്ചിറക്കിയത്. ദുബായ് വിമാനത്താവളത്തിന്റെ ആകാശപരിധിയിലെത്തിയപ്പോള്‍ അടിയന്തരമായി ഇറക്കണമെന്ന് പൈലറ്റ്, എയര്‍ ട്രാഫിക് കണ്‍ട്രോളിന് സന്ദേശം നല്‍കി. ഇതോടെ, എമിറേറ്റ്‌സ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്ന ഭാഗത്ത് അടിയന്തര ലാന്‍ഡിങ്ങിന് സൗകര്യം ചെയ്തു.
ഇടിച്ചിറക്കിയ ഉടനെ യാത്രക്കാരെ സുരക്ഷാ വാതിലുകളിലൂടെ പുറത്തിറക്കി. പിന്നാലെ വിമാനം തീപിടിച്ചു. പ്രദേശമാകെ പുകയില്‍ നിറഞ്ഞു. രക്ഷാപ്രവര്‍ത്തകരെത്തി തീയണച്ചെങ്കിലും ഭാഗികമായി കത്തിനശിച്ചു. ഇടിച്ചിറക്കുന്ന വിവരം പൈലറ്റ് യാത്രക്കാരെ അറിയിച്ചിരുന്നില്ല. ലാന്‍ഡ് ചെയ്യുമ്പോള്‍ അസാധാരണമായ കുലുക്കം അനുഭവപ്പെട്ടുവെന്ന് യാത്രക്കാര്‍ പറഞ്ഞു. പിന്‍ഭാഗമിടിച്ചാണ് ലാന്‍ഡ് ചെയ്തതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യാത്രക്കാര്‍ക്ക് പരിക്കില്ലെന്ന് ദുബായ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചെങ്കിലും രക്ഷപ്പെടുന്നതിനിടെ പൊള്ളലേറ്റും നിലത്തുവീണും സാരമായി പരിക്കേറ്റുവെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യേഷ്യയിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നായ വിമാനത്താവളം അടച്ചതോടെ മേഖലയിലെ വ്യോമഗതാഗതം താറുമാറായി. ദുബായിലേക്കുള്ള വിമാനങ്ങള്‍ അബുദാബിയിലേക്കും ഷാര്‍ജയിലേക്കും തിരിച്ചുവിട്ടു.
ഇകെ 521
ഏഷ്യയിലെ തന്നെ പ്രമുഖ വിമാനക്കമ്പനികളിലൊന്നായ എമിറേറ്റ്‌സ് എയറിന്റെ വലിയ വിമാനങ്ങളിലൊന്നാണ് ഇകെ 521. ബോയിങ് കമ്പനിയുടെ 777 സീരിസില്‍ പെട്ടതാണിത്. അടുത്തിടെ തകര്‍ന്നുവീണ മലേഷ്യന്‍ വിമാനം എംഎച്ച് 370, എംഎച്ച് 17 വിമാനങ്ങളുടെ ഘടനയും നിര്‍മാണരീതിയുമാണ് ഈ വിമാനത്തിന്റേതും.
















