വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയയുടെ നഗ്ന ചിത്രങ്ങൾ പുറത്തായി. ന്യൂയോർക്ക് പോസ്റ്റ് എന്ന പത്രത്തിന്റെ ഒന്നാം പേജിലാണ് മെലാനിയയുടെ നഗ്ന ഫോട്ടോഷൂട്ടുകൾ പുറത്തുവന്നത്.
ട്രംപിനെ കണ്ടുമുട്ടുന്നതിന് മൂന്നു വർഷം മുൻപ് മോഡലായിരിക്കെ ബ്രിട്ടീഷ് ജിഒ മാഗസിനു വേണ്ടി മറ്റൊരു സ്ത്രീയോടൊപ്പം നഗ്നയായി നിൽക്കുന്ന ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം കൊടുമ്പിരികൊണ്ട സാഹചര്യത്തിൽ മെലാനിയയുടെ ഇത്തരത്തിലുള്ള ചിത്രങ്ങൾ ട്രംപിന്റെ ജനപിന്തുണയെ പ്രതികൂലമായി ബാധിച്ചേക്കാം.
മുസ്ലിങ്ങൾക്ക് എതിരെയുള്ള ട്രംപിന്റെ പരാമർശം ചർച്ചാവിഷയമായതിനു തൊട്ടുപിന്നാലെയാണ് പുതിയ വിവാദം. മുസ്ലിങ്ങൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തേണ്ടതാണെന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇറാഖിൽ വീര ചരമമടഞ്ഞ യുഎസ് സൈനികൻ ഹുമയൂൺ ഖാന്റെ പിതാവ് രംഗതെത്തിയിരുന്നു. ഇതിനെതിരെ ട്രംപ് വീണ്ടും പരസ്യ പ്രസ്താവന നടത്തിയതോടെ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകരുൾപ്പടെയുള്ളവർ രംഗത്തെത്തിയതോടെയാണ് വിവാദമായത്.
















