ബി. പ്രമോദ്കുമാര്‍
പുനലൂര്‍: ‘മാനേജ്‌മെന്റിനോടും ചെയര്‍മാനോടും ഒരു അപേക്ഷ. സേവനം നല്ലതാണ് പക്ഷേ ഞങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതം കണ്ടില്ലെന്ന് നടിച്ച് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്തിന് വേണ്ടിയാണ്…’ ചോദ്യം ഉയര്‍ത്തുന്നത് പുനലൂര്‍ ആര്‍പിഎല്ലിലെ ഒരു പറ്റം തൊഴിലാളികള്‍.
ആര്‍പിഎല്‍ താലൂക്ക് ആശുപത്രിയില്‍ 40 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച് നല്‍കുമ്പോഴും ദുരിതക്കയത്തിലുള്ള തൊഴിലാളികളെകൂടി ഓര്‍ക്കണം. ആയിരക്കണക്കിന് തൊഴിലാളികളാണ് ഇവിടെ ദുരിതപൂര്‍ണ ജീവിതം നയിക്കുന്നത്. കമ്പനിയുടെ ലാഭവിഹിതത്തില്‍ നിന്നും ഓരോവര്‍ഷവും നിരവധി സേവനമേഖലകളില്‍ തുക ചെലവഴിക്കുന്നുണ്ട്. ഇത്തരത്തില്‍ പബ്ലിസിറ്റിക്കായി കമ്പനി ലക്ഷങ്ങള്‍ ചെലവിടുമ്പോള്‍ കുളത്തുപ്പൂഴ, ആയിരനല്ലൂര്‍ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ നയിക്കുന്നതാകട്ടെ ദുരിത പൂര്‍ണജീവിതവും. എഴുന്നൂറ് കുടുംബങ്ങളില്‍ നിന്നും ആയിരത്തോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ കഴിയുന്ന ഇവര്‍ക്ക് യാതൊരു അടിസ്ഥാനസൗകര്യവും ഒരുക്കാന്‍ മാനേജ്‌മെന്റിന് സാധിച്ചിട്ടില്ല. 1980 ലാണ് കമ്പനി സ്ഥാപിക്കുന്നത്. അന്ന് മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കമ്പനി അധികൃതരും പറയുന്നത്. ശ്രീലങ്കയില്‍ നിന്നും കുടിയൊഴിക്കപ്പെട്ടവരുടെ പുനരധിവാസത്തിന് വേണ്ടിയാണ് റീഹാബലിറ്റേഷന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്.
1969ല്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രീയും ശ്രീലങ്കന്‍ പ്രസിഡന്റ് സിരിമാവോ ബണ്ഡാരോ നായകുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായാണ് കുടിയൊഴിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ ആകുന്നത്. ഇതിനായി അന്ന് 90 വര്‍ഷത്തേക്ക് വനഭൂമി പാട്ടത്തിനെടുത്തു. 700 കുടുംബങ്ങള്‍ക്കാണ് ഇവിടെ താമസം ഒരുക്കിയത്. ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു കരാര്‍. എന്നാല്‍ ഇന്ന് കുടുംബങ്ങളുടെ എണ്ണം കൂടി. ഒപ്പം ഇവരുടെ ആശ്രിതരുടെ എണ്ണവും. ഇവര്‍ക്ക് എല്ലാം തൊഴില്‍ നല്‍കാനോ ഉള്ളവര്‍ക്ക് ജീവിതസൗകര്യം ഒരുക്കുവാനോ മാനേജ്‌മെന്റിന് കഴിഞ്ഞിട്ടില്ല. കുളത്തുപ്പൂഴയിലെ ഐസി കോളനി, ചന്ദനക്കാവ്, കൂവക്കാട്, തേക്കുമല, ഡാംസൈറ്റ്, വള്ളംതെറ്റി, ആയിരനല്ലൂര്‍ ഭാഗങ്ങളിലായി ആയിരകണക്കിന് ലയങ്ങളിലാണ് ഇവര്‍ ദുരിതപൂര്‍ണമായ ജീവിതം തള്ളിനീക്കുന്നത്. ലയങ്ങളുടെ പുനരുദ്ധാരണത്തിനോ, അടിസ്ഥാന സൗകര്യ വികസനത്തിനോ ഒന്നും ചെയ്തിട്ടില്ല. കമ്പനിയുടെ വക 2070 ഹെക്ടര്‍ പ്രദേശത്തെ റബ്ബര്‍ കൃഷിയും പരിപാലനവും ഇവര്‍ നടത്തി റബ്ബറിന്റെ വിലയിടുവിലും കമ്പനിയെ ലാഭത്തിലേക്ക് നയിക്കുമ്പോള്‍ ഇവരുടെ ദുരിതങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുകയാണ്.
















